തിരുവനന്തപുരം: തന്ത്രിയെ അറസ്റ്റു ചെയ്തവര്‍ എന്തുകൊണ്ടാണ് മന്ത്രിയെ അറസ്റ്റ് ചെയ്യാത്തതെന്നു ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ആരാഞ്ഞു.
ശബരിമല കൊള്ളക്കു പിന്നില്‍ സി പി എമ്മിലെയും കോണ്‍ഗ്രസിലെയും കുറുവ സംഘമാണെന്ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇതിനു തെളിവായി പോറ്റിക്കൊപ്പം ഉലാത്തുന്ന മുഖ്യമന്ത്രിയുടെയും സോണിയാഗാന്ധിക്കൊപ്പം നില്‍ക്കുന്ന പോറ്റിയുടെയും ചിത്രങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ഉയര്‍ത്തിക്കാട്ടി.
ശബരിമലക്കൊള്ളക്കെതിരെയും കുറ്റവാളികളുടെ അറസ്റ്റ് ആവശ്യപ്പെട്ടും 14 മുതല്‍ സംസ്ഥാന വ്യാപകമായി വീട്ടിലും നാട്ടിലും അയ്യപ്പജ്യോതി തെളിക്കല്‍ ബി ജെ പിയുടെ നേതൃത്വത്തില്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ വലിയ രാഷ്ട്രീയക്കാര്‍ ഉണ്ടെന്നു രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അവരെ രക്ഷിക്കാന്‍ ആദ്യം മുതല്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു.
ശബരിമല കൊള്ളക്കേസില്‍ മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോഡ് പ്രസിഡന്റായിരുന്ന പ്രശാന്തിനും പങ്കുണ്ടെന്നു തുടര്‍ന്നു സംസാരിച്ച കെ സുരേന്ദ്രന്‍ ആരോപിച്ചു. ശബരിമലയില്‍ സ്വത്തിന്റെ അവകാശി തന്ത്രിയല്ല. മുഴുവന്‍ സ്വത്തിന്റെയും അധികാരം ദേവസ്വം ബോഡിനും ദേവസ്വം മന്ത്രിക്കുമാണ്. ആചാരവും അനുഷ്ഠാനവും സംരക്ഷിക്കാനാണ് തന്ത്രിക്ക് അധികാരവും അവകാശവുമുള്ളത്. ശബരിമലയിലെ ആചാര ലംഘനത്തിന് ആരെയെങ്കിലും അറസ്റ്റ് ചെയ്യുന്നെങ്കില്‍ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയാണെന്നു സുരേന്ദ്രന്‍ പറഞ്ഞു. ആക്ടിവിസ്റ്റുകളായ വനിതകളെ പൊലീസ് യൂണിഫോം ധരിപ്പിച്ചു പൊലീസ് കാവലില്‍ ശബരിമലയില്‍ കയറ്റി ആചാരം ആദ്യമായി പരസ്യമായി ലംഘിച്ചത് ആ സംഭവമാണ്- സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.







