തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കണ്ഠരര് രാജീവരെ തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിലെത്തിച്ചു. താൻ നിരപരാധിയാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. സ്വർണക്കൊള്ളയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന പൂർത്തിയാക്കി. ശേഷം കൊട്ടാരക്കരയിലെ കൊല്ലം വിജിലൻസ് കോടതി ജഡ്ജിന് മുമ്പാകെ ഹാജരാക്കി. പിന്നാലെയാണ് റിമാൻഡ് ചെയ്തത്. കേസിൽ 13ാം പ്രതിയാണ് തന്ത്രി. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലേക്ക് എത്തിയത് തന്ത്രിയുടെ ആളായാണ്. തന്ത്രി നൽകിയ സ്പോൺസർഷിപ്പ് അനുമതികൾ സംശയാസ്പദമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കണ്ഠരര് രാജീവർക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ആചാര ലംഘനത്തിന് തന്ത്രി കൂട്ടുനിന്നുവെന്നും അതിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അറസ്റ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ശബരിമലയിലെ കട്ടിളപ്പാളി കൊണ്ടുപോകാൻ തന്ത്രി ഒത്താശ ചെയ്തു. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയത് താന്ത്രിക വിധികൾ പാലിക്കാതെയായിരുന്നു. ആചാരപ്രകാരം ദേവന്റെ അനുജ്ഞ വാങ്ങിയില്ല. തന്ത്രിയുടെ അനുമതിയോടെയല്ല ശബരിമലയിൽനിന്നും കട്ടിളപ്പാളികളും മറ്റും ഇളക്കിക്കൊണ്ട് പോയതെങ്കിൽ, രാജീവര് അതിനെ കുറിച്ച് ദേവസ്വം ബോർഡിനെ രേഖാമൂലം അറിയിക്കുകയോ ആചാര ലംഘനം നടത്തി മുതലുകൾ കൊണ്ട് പോയതിനെതിരെ യാതൊരു നടപടികളും സ്വീകരിക്കുകയോ ചെയ്യാതെ കുറ്റകരമായ മൗനാനുവാദം നൽകി. തന്ത്രി ഗൂഢാലോചനയിൽ പങ്കാളിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.







