ഗാനഗന്ധര്‍വന്‍ ഡോ. കെ ജെ യേശുദാസിന് ഇന്ന് എണ്‍പത്തിയാറാം പിറന്നാള്‍. ഒൻപതാം വയസ്സിൽ തുടങ്ങിയ സംഗീതസപര്യ തലമുറകൾ പിന്നിട്ട് ഇപ്പോഴും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. കാലത്തെ അതിജീവിച്ച സ്വരമാധുരികൊണ്ട് സംഗീതാസ്വാദകരെ ഇന്നും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കയാണ് മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടന്‍. എണ്‍പത്തിയാറാം വയസിലും തന്റെ സംഗീതയാത്ര അഭംഗുരം തുടരുകയാണ് ഡോ കെ ജെ യേശുദാസ്. 1961 ല്‍ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിന് വേണ്ടി പിന്നണി പാടിയാണ് തന്റെ വിസ്മയ സംഗീത സപര്യക്ക് തുടക്കമിടുന്നത്. 1940 ജനുവരി 10ന് ഫോര്‍ട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം. പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെയും എലിസബത്തിന്റെയും മകനായാണ് യേശുദാസ് ജനിച്ചത്. ഈദമ്പതികളുടെ ഏഴ് മക്കളില്‍ രണ്ടാമനായിരുന്നു യേശുദാസ്.1960 ൽ തൃപ്പൂണിത്തുറ ആർ എൽ വി അക്കാദമിയിൽ നിന്ന് ഒന്നാം റാങ്കോടെ ഗാനഭൂഷണം. സംഗീത ഭൂഷണത്തിന് തിരുവനന്തപുരം സ്വാതി തിരുനാൾ അക്കാദമിയിൽ എത്തിയത് വഴിത്തിരിവായി. പ്രിൻസിപ്പലായിരുന്ന ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ വഴി സാക്ഷാൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സവിധത്തിലേക്ക്. എം ബി ശ്രീനിവാസിന്‍റെ സംഗീതത്തിൽ കാൽപ്പാടുകൾ എന്ന സിനിമയിൽ ശ്രീനാരായണ ഗുരുവിന്‍റെ വരികൾ പാടി സിനിമാ സംഗീത ലോകത്തേക്ക്. പിന്നീട് ദേവരാജൻ, ദക്ഷിണാമൂർത്തി, ബാബുരാജ്, എം കെ അർജുനൻ, രവീന്ദ്രൻ, ജോൺസൺ, പി ഭാസ്‌കരൻ, വയലാർ, ഒഎൻവി, ശ്രീകുമാരൻ തമ്പി, യൂസഫലി കേച്ചേരി തുടങ്ങിയ പ്രതിഭാധനന്മാരൊരുക്കിയ മികച്ച ഗാനങ്ങളിലേറെയും പാടാനായി യേശുദാസിന്. യേശുദാസ് പാടാത്ത ഇന്ത്യന്‍ ഭാഷകളില്ല. മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്‌കാരം 8 തവണ നേടിയ ഇദ്ദേഹം കേരള, തമിഴ് നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാഷകളിലും യേശുദാസ് പാടിയിട്ടുണ്ട്. 2017ല്‍ പത്മവിഭൂഷണ്‍, 2002ല്‍ പത്മഭൂഷണ്‍, 1973ല്‍ പത്മശ്രീ എന്നീ ബഹുമതികള്‍ നല്‍കി രാജ്യം യേശുദാസിനെ ആദരിച്ചിട്ടുണ്ട്. കഴിഞ്ഞ ആറു വർഷമായി അമേരിക്കയിലാണ് യേശുദാസിന്റെ താമസം.







