ടെഹ് റാന്‍: ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ചിത്രങ്ങള്‍ക്ക് യുവതികള്‍ തീയിട്ട് സിഗററ്റ് കൊളുത്തി പ്രകടനം നടത്തി. സംഭവം വൈറലായിരിക്കുകയാണ്. പ്രതിഷേധങ്ങള്‍ ഇറാനില്‍ കത്തിപ്പുകഞ്ഞുകൊണ്ടിരിക്കുന്നു. വേറിട്ട പ്രതിഷേധങ്ങള്‍ക്ക് രാജ്യം ഓരോ ദിവസവും സാക്ഷ്യം വഹിക്കുകയാണ്. ഇസ്ലാമിക ഭരണകൂടത്തോടുള്ള കടുത്ത വെറുപ്പും പ്രതിഷേധവുമാണ് പ്രതിഷേധങ്ങളില്‍ പ്രകടമാകുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാനിലെ മുന്‍ രാജകുമാരന്‍ റേസ പഹ്ലവിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് പിന്നാലെയാണ് സ്ത്രീകളുടെ ഇത്തരം പ്രതിഷേധം. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ശേഷം ഇറാനിയന്‍ യുവത്വത്തിനിടയില്‍ ഭരണകൂടത്തോടുള്ള എതിര്‍പ്പ് എത്രത്തോളം ശക്തമാണെന്ന് പുറത്തുവരുന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. വര്‍ഷങ്ങളായി തുടരുന്ന കര്‍ശനമായ വസ്ത്രധാരണ രീതികള്‍ക്കും പൗരസ്വാതന്ത്ര്യ നിഷേധത്തിനുമെതിരെ നടക്കുന്ന പ്രതിഷേധത്തിനിടയിലാണ് ഭരണകൂടത്തെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് യുവതികള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇറാനില്‍ പരമോന്നത നേതാവിനെ അപമാനിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് അറിഞ്ഞിട്ടും ശിക്ഷാ നടപടികളെ ഭയക്കാതെയാണ് സ്ത്രീകളുടെ പ്രതിഷേധം. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, ഇന്റര്‍നെറ്റ് നിയന്ത്രണം എന്നിവയ്ക്കെതിരെ ദിവസങ്ങളായി ഇറാനില്‍ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്. പ്രതിഷേധങ്ങള്‍ പുറംലോകം അറിയാതിരിക്കാന്‍ ഇറാന്‍ സര്‍ക്കാര്‍ പലയിടങ്ങളിലും ഇന്റര്‍നെറ്റ് വിച്ഛേദിച്ചതായും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2022-ല്‍ മഹ്സ അമിനി പൊലീസ് കസ്റ്റഡിയില്‍ മരിച്ചതിന് പിന്നാലെയാണ് ഇറാനില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെടുന്നത്. പ്രതിഷേധങ്ങള്‍ ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്തപ്പെട്ടെങ്കിലും പൂര്‍ണമായും കെട്ടടങ്ങിയിട്ടില്ല.







