തൃശ്ശൂര്‍ : ആധാറിന്റെ ഔദ്യോഗികചിഹ്നം രൂപകല്പന ചെയ്യുന്നതിനുള്ള ദേശീയതല മത്സരത്തില്‍ ചാലക്കുടി സ്വദേശി ഒന്നാംസമ്മാനം നേടി. മെക്കാനിക്കല്‍ എന്‍ജിനീയറായ അരുണ്‍ ഗോപനാണ് വിജയി. 50,000 രൂപയാണ് സമ്മാനത്തുക. ആദ്യമായാണ് താന്‍ ഒരു ഡിസൈനിങ് മത്സരത്തില്‍ പങ്കെടുക്കുന്നതെന്നും അതില്‍ വിജയിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അരുണ്‍ പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന യുഐഡിഎഐ-യുടെ ചടങ്ങില്‍ ചെയര്‍മാന്‍ നീലകണ്ഠമിശ്ര ഔദ്യോഗിക ചിഹ്നം അനാവരണം ചെയ്ത് വിജയികളെ അഭിനന്ദിച്ചു. അരുണ്‍ ഗോകുല്‍ രൂപകല്‍പന ചെയ്ത ചിഹ്നം ആകര്‍ഷകമാണെന്നും ജനസൗഹൃദപരമാണെന്നും അദ്ദേഹം പറഞ്ഞു. ആധാര്‍ സേവനങ്ങള്‍ ലളിതമായി മനസിലാക്കുന്നതിനും ഇന്ത്യയുടെ ഡിജിറ്റല്‍ സ്വത്വം പ്രോത്സാഹിപ്പിക്കുകയുമാണ് ചിഹ്നത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയിലെ പുനെയില്‍ നിന്നുള്ള ഇദ്രിസ് ദാവൈവാല രണ്ടാംസ്ഥാനവും ഉത്തര്‍പ്രദേശിലെ ഗാസിപുരില്‍ നിന്നുള്ള കൃഷ്ണശര്‍മ മൂന്നാംസ്ഥാനവും നേടി. ഔദ്യോഗികചിഹ്നത്തിന് പേര് നല്‍കുന്നതിനുള്ള മത്സരത്തില്‍ ഭോപ്പാലില്‍ നിന്നുള്ള റിയ ജെയിന്‍ ആണ് ഒന്നാംസ്ഥാനം നേടിയത്. ‘ഉദയ്’ എന്നാണ് ആധാറിന്റെ ഔദ്യോഗിക ചിഹ്നത്തിന്റെ പേര്.
ചാലക്കുടി തൈവളപ്പില്‍ ടി.ആര്‍. ഉണ്ണികൃഷ്ണന്റെയും ശ്യാമളയുടെയും മകനായ അരുണ്‍ ഗോകുല്‍ കൊച്ചി ഗ്രീന്‍ഫീല്‍ഡ് ലോജിസ്റ്റിക്‌സ് എല്‍എല്‍പിയില്‍ ഡെപ്യൂട്ടി ഓപ്പറേഷണല്‍ മാനേജരാണ്.







