കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു. എന്നാല്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. അഴിമതി നിരോധന നിയമ പ്രകാരം പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത കേസിലെ മുഴുവന്‍ പ്രതികളെയും ഇഡിയും കേസില്‍ പ്രതിയാക്കും. ഇതനുസരിച്ച് സിപിഎം നേതാവും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടുമായ എ പത്മകുമാര്‍ അടക്കമുള്ള പ്രതികളെ ഇ.ഡി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടുന്നതടക്കമുള്ള നടപടികളിലേക്കു കടക്കും. എല്ലാ പ്രതികളുടെയും സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് അന്വേഷണവും നടത്തും.







