മലപ്പുറം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നിലമ്പൂർ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറുമായ പി വി അൻവറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്ത് വിട്ടയച്ചു. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പി വി അൻവറിനെ വിട്ടയച്ചത്. കൊച്ചിയിലെ ഇ ഡി ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. ഡിസംബർ 31ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അന്ന് ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി അൻവർ സമയം നീട്ടി ചോദിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ ഒതായിയിലെ അൻവറിന്റെ വീട്ടിൽ ഇ ഡി സംഘം പരിശോധന നടത്തിയിരുന്നു. രാവിലെ ഏഴിന് തുടങ്ങിയ പരിശോധന രാത്രി ഒമ്പതരയ്ക്കാണ് അവസാനിച്ചത്. അതിനിടെ വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്തു എന്ന വാർത്ത ചില മാധ്യമങ്ങൾ പുറത്തുവിട്ടതോടെ അൻവർ തന്നെ ഫേസ്ബുക്ക് ലൈവിൽ സത്യാവസ്ഥ പുറത്തുവിട്ടു. ഇ ഡി അറസ്റ്റ് വാർത്ത അടിസ്ഥാന രഹിതമെന്ന് പി വി അൻവർ പറഞ്ഞു. തനിക്കെതിരായ ഇഡി അന്വേഷണം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്ന് പി.വി അന്‍വര്‍ ആരോപിച്ചു. വിജിലന്‍സ് എഫ്ഐആര്‍ പ്രകാരമാണ് തനിക്കെതിരെ ഇഡി കേസ് അന്വേഷിക്കുന്നത്. ഇഡി അന്വേഷണത്തിനായി തനിക്കെതിരെ വിജിലന്‍സ് കള്ളക്കേസെടുത്തു. പിണറായിക്കതെിരെ നിലപാടെടുത്തതുകൊണ്ടാണിതെന്നും പി.വി.അന്‍വര്‍ ഫെയ്സ്ബുക്ക് ലൈവില്‍ ആരോപിച്ചു.ഇഡിയുടെ ചോദ്യം ചെയ്യലില്‍ താന്‍ തന്‍റെ ഭാഗം കൃത്യമായി വിശദീകരിച്ചുവെന്നും അക്കാര്യങ്ങള്‍ ഇഡി പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ആവശ്യം വന്നപ്പോള്‍ വായ്പയെടുത്ത ആളാണ് താനെന്നും ഒന്‍പത് കോടി രൂപ വായ്പയെടുത്തതില്‍ അഞ്ചുകോടി 79 ലക്ഷം രൂപ തിരിച്ചടച്ചുവെന്നും അന്‍വര്‍ പറയുന്നു. കുറച്ച് കാലത്തെ തിരിച്ചടവ് മുടങ്ങിയതോടെ തട്ടിപ്പിന് വേണ്ടി വായ്പയെടുത്തു എന്ന് കാണിച്ച് വിജിലന്‍സ് തനിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് അന്‍വര്‍ ആരോപിക്കുന്നു കേരളത്തിലെ നീതി ന്യായ വ്യവസ്ഥയിൽ പ്രതീക്ഷയുണ്ട്. കോടതിയിൽ പോരാട്ടം തുടരും. ചോദ്യം ചെയ്യലിനാണ് ഇഡിക്ക് മുന്നിൽ ഹാജരായത്. സാമ്പത്തിക ആവിശ്യത്തിനാണ് കെഎഫ്‌സിയിൽ നിന്ന് ലോൺ എടുത്തത്. ഒരു തട്ടിപ്പും നടത്തിയിട്ടില്ല. പിണറായിസത്തിനെതിരെ ടീം യുഡിഎഫിനോടൊപ്പം പോരാട്ടം തുടരുമെന്നും അൻവർ പറഞ്ഞു.







