പാലക്കാട്: മലമ്പുഴയില്‍ വിദ്യാര്‍ത്ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച അധ്യാപകന്റെ ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ദൃശ്യങ്ങളുള്‍പ്പെടെയാണ് അന്വേഷണ സംഘം കണ്ടെത്തിയത്. അധ്യാപകന്‍ ഇപ്പോള്‍ കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഫോണ്‍ പരിശോധനയ്ക്കയച്ചു. സൈബര്‍ ക്രൈം വിഭാഗത്തിനാണ് അന്വേഷണ സംഘം ഫോണ്‍ കൈമാറിയിട്ടുള്ളത്. ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്‌തോയെന്ന കാര്യം ഉള്‍പ്പെടെ പരിശോധിക്കും. അതേസമയം, അധ്യാപകനെതിരെ കൂടുതല്‍ കുട്ടികള്‍ മൊഴി നല്‍കി. സ്‌കൂളില്‍ വച്ച് ലൈംഗിക അതിക്രമം നടന്നുവെന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്. ചില കുട്ടികളെ അധ്യാപകന്‍ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചതായും മൊഴി നല്‍കിയിട്ടുണ്ട്. അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍ വന്നതോടെ 5 വിദ്യാര്‍ത്ഥികളുടെ പരാതികളില്‍ മലമ്പുഴ പോലീസ് കേസെടുത്തു. നവംബര്‍ 29നാണ് ആറാംക്ലാസ് വിദ്യാര്‍ഥിയായ 11 വയസുകാരന്‍ അധ്യാപകന്റെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായത്. കുട്ടിയെ തന്റെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബിയര്‍ നല്‍കി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിരയായ വിദ്യാര്‍ഥി സുഹൃത്തായ ഒരു കുട്ടിയോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഈ സുഹൃത്ത് തന്റെ അമ്മയോട് ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് ഇവര്‍ സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.







