കൊച്ചി: ഗീതുമോഹന്‍ ദാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ടോക്‌സിക്കിന്റെ ടീസറിനെതിരെ ഉയരുന്നത് വ്യാപക വിമര്‍ശനവും ട്രോളുകളും. കെജിഎഫ് എന്ന മെഗാ ബ്ലോക് ബസ്റ്റര്‍ ചിത്രത്തിനുശേഷം യാഷ് നായകനായി എത്തുന്ന ചിത്രമാണ് ടോക്‌സിക്.
തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ക്കൊപ്പം മലയാളികള്‍ക്കിടയിലും ടോക്‌സിക് ചര്‍ച്ചയായിരുന്നു. അടുത്തിടെ സിനിമയിലെ അഭിനേതാക്കളെ പരിചയപ്പെടുത്തി കൊണ്ടുള്ള അപ്‌ഡേറ്റുകളും പ്രേക്ഷക പ്രീതി നേടിയിരുന്നു. യാഷിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറക്കാര്‍ താരത്തിന്റെ ക്യാരക്ടര്‍ ടീസര്‍ പുറത്തിറക്കിയത്. റായ എന്നാണ് യാഷിന്റെ കഥാപാത്രത്തിന്റെ പേര്. ആക്ഷനും മാസിനും ഒപ്പം ‘അശ്ലീലത’യും കൂട്ടിച്ചേര്‍ത്താണ് ടീസര്‍ പുറത്തിറക്കിയത് എന്നാണ് പ്രധാന ആരോപണം.
കസബ സിനിമയുമായി ബന്ധപ്പെട്ട് ഗീതു മോഹന്‍ദാസ് ഉള്‍പ്പടെയുള്ളവര്‍ മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ വിമര്‍ശനം. ‘അന്ന് കസബയ്ക്ക് എതിരെ പറഞ്ഞവരാണ് ഇപ്പോള്‍, സ്ത്രീകളെ മോശമായി ചിത്രീകരിച്ചിരിക്കുന്നത്. ബോര്‍ഡര്‍ കഴിഞ്ഞാല്‍ പ്രശ്‌നമില്ലെന്നാണോ’, എന്നുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.
ടീസറിനെ പ്രശംസിച്ചും നിരവധി പേര്‍ എത്തിയിരുന്നു. സിനിമ ഇറങ്ങട്ടെ. അതില്‍ അവരുടെ നിലപാടിന് വിരുദ്ധമായത് ആണെങ്കില്‍ ട്രോളണം. ഇതിപ്പോള്‍ പോസ്റ്റര്‍ ആന്‍ഡ് ട്രെയ്‌ലര്‍ അല്ലെ ആയിട്ടുള്ളൂ. കഥ അറിയില്ലല്ലോ’, എന്നിങ്ങനെ യുള്ള കമന്റുകളും ഉയരുന്നുണ്ട്. നേരത്തെ പ്രൊമോ വീഡിയോയില്‍ സ്ത്രീകളെ മോശമായി ചിത്രീകരിച്ചെന്ന പേരിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.







