കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതിക്കും ജഡ്ജിക്കുമെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്. മെമ്മറി കാര്‍ഡ് ചോര്‍ന്ന കേസില്‍ സംശയ നിഴലിലാണ് വിചാരണ കോടതി ജഡ്ജിയെന്നും അതിനാല്‍ ജഡ്ജിക്ക് വിധി പറയാന്‍ അവകാശമില്ലെന്നുമാണ് നിയമോപദേശം.
തെളിവുകള്‍ വിലയിരുത്തുന്നതില്‍ വിചാരണ കോടതി പക്ഷപാതപരവും വിവേചനപരവുമായ സമീപനം സ്വീകരിച്ചു, കേസില്‍ ഇരട്ടത്താപ്പ് കാണിച്ചു, കേസിലെ എട്ടാംപ്രതി ദിലീപിനെതിരായ തെളിവുകള്‍ അവഗണിക്കുകയോ തെറ്റായി വ്യാഖ്യാനിക്കുകയോ അദ്ദേഹത്തിന് അനുകൂലമായി തെറ്റായി വായിക്കുകയോ ചെയ്തതായും പ്രോസിക്യൂഷന്‍ ആരോപിച്ചു.
കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഡിസംബറിലാണ് ദിലീപിനെ കുറ്റവിമുക്തനാക്കി കോടതി വിധി പ്രസ്താവിച്ചത്. കേസില്‍ പ്രധാന പ്രതിയായ പള്‍സര്‍ സുനിയെയും നടന്‍ ദിലീപിനെയും കോടതി വ്യത്യസ്ത രീതിയിലാണ് കണ്ടതെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. തെളിവുകളെ കോടതി നീതിയുക്തമല്ലാത്തതും പക്ഷപാതപരവുമായ രീതിയിലാണ് കണ്ടതെന്നും നിയമോപദേശത്തില്‍ പറയുന്നു.
പള്‍സര്‍ സുനിക്കും മറ്റ് അഞ്ച് പേര്‍ക്കും ചുമത്തിയ തടവും പിഴയും കുറഞ്ഞ ശിക്ഷയാണ്. കൂട്ടബലാത്സംഗ കേസുകളില്‍ ശിക്ഷ വിധിക്കുമ്പോള്‍ വിചാരണ കോടതികള്‍ പരിഗണിക്കേണ്ട സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായും പ്രോസിക്യൂഷന്‍ നിയമോപദേശത്തില്‍ പറയുന്നു. ജനുവരി 20ന് മുമ്പ് കേസില്‍ അപ്പീല്‍ നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു.
പള്‍സര്‍ സുനിയും മറ്റ് അഞ്ച് പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവര്‍ കുറ്റക്കാരാണെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചതായും കോടതി വിലയിരുത്തി. എന്നാല്‍ വ്യത്യസ്തമായ വിലയിരുത്തല്‍ മാനദണ്ഡം ഉപയോഗിച്ച് ദിലീപിനെയും മറ്റ് മൂന്ന് പേരെയും കുറ്റവിമുക്തരാക്കിയെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. ദിലീപിനെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്.
ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളും സാക്ഷിമൊഴികളും വിചാരണ കോടതി പരിഗണിച്ചില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയത് ഉള്‍പ്പെടെയുള്ള സാങ്കേതിക വിവരങ്ങളും ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദരേഖകളും പുനഃപരിശോധിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ഉന്നയിച്ചേക്കും.
നിര്‍ണായക സാക്ഷികളെ മനഃപൂര്‍വ്വം അവിശ്വസിച്ചു. പള്‍സര്‍ സുനിയെയും മറ്റുള്ളവരെയും കുറ്റക്കാരായി പ്രഖ്യാപിക്കാന്‍ കോടതി ആശ്രയിച്ച ചില സാക്ഷികളില്‍ നിന്നുള്ള തെളിവുകള്‍ ദിലീപിനെയും അദ്ദേഹത്തിന്റെ അടുത്ത സഹായി ശരത് ജി നായരെയും കുറ്റവിമുക്തരാക്കാനും അതേ കോടതി തന്നെ അവിശ്വസിച്ചുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
വിചാരണ കോടതി ചില സാക്ഷികളെ തെറ്റായി ഉദ്ധരിച്ചു. ദിലീപിനെ കുറ്റവിമുക്തനാക്കിയതിനെ ന്യായീകരിക്കാന്‍ സന്ദര്‍ഭത്തില്‍ നിന്ന് ഒഴിവാക്കി സാക്ഷിമൊഴികളുടെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ച് തെറ്റായ വിവരണങ്ങള്‍ സൃഷ്ടിച്ചതായും പ്രോസിക്യൂഷന്‍ ആരോപിച്ചു.
ദുര്‍ബലവും സ്ഥിരതയില്ലാത്തതെന്നും ചൂണ്ടിക്കാണിച്ച് നിരവധി നിര്‍ണായക സാക്ഷികളെ മനഃപൂര്‍വ്വം അവിശ്വസിച്ചു. കുറ്റവിമുക്തരാക്കപ്പെട്ട പ്രതികളുടെ കുറ്റസമ്മതങ്ങള്‍ അവഗണിക്കപ്പെട്ടു. അതേസമയം ശിക്ഷിക്കപ്പെട്ട പ്രതികള്‍ നടത്തിയ കുറ്റസമ്മതങ്ങള്‍ അവരെ കുറ്റവാളികളാക്കാന്‍ ആശ്രയിച്ചു. ദിലീപുമായുള്ള അവരുടെ വ്യക്തമായ ബന്ധം അവഗണിച്ചു എന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
ലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നിട്ടില്ലെന്നും വിചാരണയ്ക്കിടെ നടിയുടെ സ്വകാര്യത അപകടത്തിലായിട്ടില്ലെന്നും തെറ്റായി സ്ഥാപിക്കാന്‍ നിരവധി സാക്ഷികളില്‍ നിന്നുള്ള തെളിവുകള്‍ തെറ്റായി ഉദ്ധരിക്കുകയോ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റുകയോ ചെയ്തതായും പ്രോസിക്യൂഷന്‍ പറഞ്ഞു. ഈ നിഗമനത്തെ പിന്തുണയ്ക്കുന്നതിനായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ പോലും തെറ്റായി ഉദ്ധരിക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
പള്‍സര്‍ സുനി ജയിലില്‍ നിന്ന് എഴുതിയ കത്തിന്റെ പകര്‍പ്പ് അടങ്ങുന്ന പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയതായി ദിലീപ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ദിലീപിനെ കുറ്റവിമുക്തനാക്കാന്‍ കത്ത് തെറ്റായി വ്യാഖ്യാനിക്കുകയും അവഗണിക്കുകയും ചെയ്തതായും പ്രോസിക്യൂഷന്‍ ആരോപിച്ചു. തുടര്‍ന്ന്, പള്‍സര്‍ സുനിയെയും സനില്‍കുമാറിനെയും ഐപിസിയിലെ 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 109 ഉം 506 ഉം (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ പ്രേരണ) എന്നീ വകുപ്പുകള്‍ ചുമത്തുന്നതില്‍ നിന്ന് ഒഴിവാക്കിയെന്നും നിയമോപദേശത്തില്‍ പറയുന്നു.







