തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്.ഐ.ടി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച തമിഴ്‌നാട് വ്യവസായി ഡി.മണിക്ക് ക്ലീന്‍ ചിറ്റ്. വ്യാഴാഴ്ച ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് മണിയില്‍ നിന്നും സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് എസ്.ഐ.ടി അറിയിച്ചത്. മണി തലസ്ഥാനത്ത് വന്നതില്‍ ദുരൂഹതയില്ലെന്നും തിരുവനന്തപുരത്തെത്തിയത് വ്യക്തിപരമായ കാര്യത്തിനാണെന്നും എസ്.ഐ.ടി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിണ്ടിഗല്‍ സ്വദേശിയായ മണിയെ രണ്ടുതവണ ചോദ്യം ചെയ്തിട്ടും ശബരിമല സ്വര്‍ണക്കൊള്ളയിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഒരു ബന്ധവും കണ്ടെത്താനായില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മണിയെ തമിഴ്‌നാട്ടിലെത്തിയും തിരുവനന്തപുരത്തെ ഈഞ്ചയ്ക്കലിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയുമായിരുന്നു ചോദ്യം ചെയ്തത്. ഇയാളുടെ തമിഴ്‌നാട്ടിലെ കേന്ദ്രങ്ങളില്‍ എസ്.ഐ.ടി റെയ്ഡും നടത്തിയിരുന്നു. സംശയകരമായ ഒന്നും ഇവിടെ നിന്നും കണ്ടെത്തിയില്ലെന്ന് ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല വെളിപ്പെടുത്തിയ വ്യവസായിയാണ് ഡി.മണിയെക്കുറിച്ചും വിഗ്രഹക്കടത്ത് സംഘത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ എസ്.ഐ.ടിക്ക് നല്‍കിയത്. ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തുകടത്ത് സംഘമുണ്ടെന്ന് വ്യവസായി പറഞ്ഞതായാണ് ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെയാണ് തമിഴ്‌നാട് കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥര്‍ അന്വേഷണം വ്യാപിപ്പിച്ചത്.
അതേസമയം ശബരിമല സ്വര്‍ണകൊളള കേസില്‍ മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയെ എസ്.ഐ.ടി ചോദ്യം ചെയ്യുകയാണ്. കോടതി നിര്‍ദേശ പ്രകാരമാണ് ജയശ്രീ വ്യാഴാഴ്ച ഹാജരായത്.







