തിരുവനന്തപുരം: സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ മരക്കൊമ്പ് പൊട്ടിവീണ് യാത്രികന് ദാരുണാന്ത്യം. തിരുവനന്തപുരം ഇടിഞ്ഞാർ സ്വദേശി ഷൈജു (47) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10.30 മണിയോടെയാണ് അപകടം. ബ്രൈമൂർ – പാലോട് റൂട്ടിൽ മുല്ലച്ചൽ വളവിലാണ് അപകടം ഉണ്ടായത്. ബന്ധു ഓടിച്ചിരുന്ന സ്കൂട്ടറിൻ്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ഷൈജു. ഇതിനിടെ മരക്കൊമ്പ് ദേഹത്തേക്ക് വീണു. തല പൊട്ടി റോഡിൽ വീണ ഷൈജു തത്ക്ഷണം മരിച്ചു. സുഹൃത്തിന്റെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത് വീട്ടിലേയ്ക്ക് മടങ്ങവേയാണ് ദാരുണമായ സംഭവം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. സംഭവത്തിൽ പാലോട് പൊലീസ് കേസ് എടുത്തു. ഭാര്യ: സീന, മക്കൾ: ഫേബ, അബിൻ.







