കാസര്‍കോട്: തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ സ്ഥിരം സമിതി ചെയര്‍മാനെ നിശ്ചയിച്ചതിനെ ചൊല്ലി മുസ്ലിം ലീഗും യൂത്ത് ലീഗും തമ്മിലുള്ള പോര് തെരുവിലേക്കെത്തി. നേതാക്കളെ വെല്ലുവിളിച്ച് ഒരുസംഘം ലീഗണികള്‍ ബിരിച്ചേരിയില്‍ ബോര്‍ഡ് സ്ഥാപിച്ചു. ‘കുലം കുത്തികളെ തിരിച്ചറിയുക’എന്ന ശീര്‍ഷകത്തോടെയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ബുധനാഴ്ച വൈകീട്ട് ബോര്‍ഡ് സ്ഥാപിച്ചത്. നേതാക്കളായ എ.ജി.സി ബഷീര്‍, സത്താര്‍ വടക്കുമ്പാട്, വി.കെ ബാവ, വി.വി അബ്ദുള്ള എന്നിവരുടെ ഫോട്ടോയും ഫ്‌ളക്‌സിലുണ്ട്. സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് എങ്ങനെയാണ് പ്രതിനിധിയുണ്ടായതെന്നും ഇതിന് പിന്നില്‍ നേതാക്കളുടെ കുതിരക്കച്ചവടമാണെന്നും ഫ്‌ളക്‌സില്‍ ആരോപിക്കുന്നു. 4 നേതാക്കളുടെ അജണ്ടയാണ് ഇപ്പോള്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് ലീഗില്‍ നടക്കുന്നത്. ഇവര്‍ വര്‍ഗ വഞ്ചകരാണ്. സ്വന്തം അണികളുടെ വാക്ക് പോലും മുഖവിലക്കെടുക്കാതെ മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയെ വ്യഭിചാരിക്കുകയാണ് ഈ നാലുപേരെന്നു ഫ്‌ളക്‌സില്‍ കുറ്റപ്പെടുത്തുന്നു. സ്വന്തം കീശ നിറക്കാന്‍ വേണ്ടി അണികളെ ബലിയാടാക്കുന്ന ഇവരെ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും ഇവരെ താഴെ ഇറക്കാന്‍ വേണ്ടി എല്ലാ നാട്ടുകാരും പ്രതിഷേധിക്കണമെന്നും ഫ്‌ളക്‌സില്‍ അഭ്യര്‍ഥിച്ചു. നാലു നേതാക്കള്‍ക്കും ബീരിച്ചേരിയിലേക്ക് പ്രവേശനമില്ലെന്നും പ്രവേശിച്ചാല്‍ ബീരിച്ചേരിക്കാരുടെ കൈയുടെ ചൂടറിയും എന്ന ഭീഷണിയും ഫ്‌ളക്‌സിലുണ്ട്. ബിരിച്ചേരി ലീഗുകാര്‍ എന്ന പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബീരിച്ചേരി വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചു എന്ന കാരണത്താല്‍ ബീരിച്ചേരി ശാഖാ വനിതാ ലീഗ് കമ്മിറ്റി കഴിഞ്ഞ ദിവസം പിരിച്ചു വിട്ടിരുന്നു. മെമ്പര്‍ ഫായിസ് ബീരിച്ചേരിയെ സ്ഥിരം സമിതി ചെയര്‍മാനാക്കാത്തതിന് ശേഷം ഉണ്ടായ പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത യൂത്ത് ലീഗ് ഭാരവാഹികളെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഇവര്‍ രണ്ട് തവണ ലീഗ് ഓഫീസിന് പൂട്ടിടുകയും ലീഗ് ഓഫീസില്‍ കരിങ്കൊടി കെട്ടുകയും ചെയ്തിരുന്നു. ഫായിസ് ബീരിച്ചേരിയെ സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും തഴഞ്ഞത് മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ രണ്ട് നേതാക്കളുടെ വടംവലിയെ തുടര്‍ന്നാണെന്നും പിരിച്ചുവിടലിനും പുറത്താക്കലിനും പിന്നില്‍ ഇതാണ് കാരണമെന്നും പുറത്താക്കപ്പെട്ട യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍ മെഹബൂബ്, സെക്രട്ടറി വി പി സഫീര്‍ എന്നിവര്‍ ആരോപിച്ചിരുന്നു.







