പുനെ: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്ഗിൽ അന്തരിച്ചു. 83 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി പുണെയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മകൻ സിദ്ധാർത്ഥ ഗാഡ്ഗിലാണ് മരണവിവരം പുറത്തുവിട്ടത്. സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു. ഗാഡ്ഗിൽ കമ്മിറ്റി എന്നപേരിൽ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഏറെ വിവാദമായിരുന്നു. പരിസ്ഥിതി മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്ര സംഘടന (യുഎൻ) നൽകുന്ന പരമോന്നത ബഹുമതിയായ ‘ചാംപ്യൻസ് ഓഫ് ദി എർത്ത്’ പുരസ്കാരം 2024ൽ ലഭിച്ചു. പശ്ചിമഘട്ട സംരക്ഷണത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾക്കായിരുന്നു പുരസ്കാരം. രാജ്യം പത്മശ്രീ (1981), പത്മഭൂഷൺ (2006) ബഹുമതികൾ നൽകി ആദരിച്ചു.
1942-ൽ പൂണെയിൽ ജനിച്ച മാധവ് ഗാഡ്ഗിൽ പുണെയിലെ ഫെർഗൂസൻ കോളജ്, ബോംബെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഹാർവഡ് യൂണിവേഴ്‌സിറ്റി എന്നിവയിൽനിന്നാണ് ഉന്നതവിദ്യാഭ്യാസം നേടിയത്. ഡോ. സുലോചന ഗാഡ്ഗിലാണ് ഭാര്യ.







