കല്‍പ്പറ്റ: പ്രസവത്തിനു ശേഷം യുവതിയുടെ ശരീരത്തിൽ തുണി കുടുങ്ങിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടന്നു. സംഭവത്തില്‍ കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ആരോഗ്യമന്ത്രി വീണാജോര്‍ജിനെതിരെ കടുത്ത ഭാഷയിലുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്.
പ്രസവത്തെത്തുടര്‍ന്ന് വീട്ടിലേക്ക് പോയ യുവതി കടുത്ത വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തുകയായിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ കാര്യമായ ചികിത്സ നല്‍കാതെ തിരിച്ചയച്ചുവെന്നും വേദന കലശലായതോടെ വീണ്ടും ചികിത്സ തേടുകയായിരുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു. പ്രക്ഷോഭകാരികളെ പൊലീസ് പിന്നീട് അറസ്റ്റു ചെയ്ത് മാറ്റി.







