പയ്യന്നൂര്‍: ‘പോറ്റിയെ കേറ്റിയേ…’ എന്ന വിവാദ പാരഡിഗാനം മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ വച്ചതുമായി ബന്ധപ്പെട്ട് സി.പി.എം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സി.പി.എം ലോക്കല്‍ സെക്രട്ടറിയെ മര്‍ദിച്ചതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ചതിന് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയും മയ്യില്‍ പൊലീസ് കേസെടുത്തു.
അരിമ്പ്രയിലെ റേഷന്‍ കടയില്‍ മുല്ലക്കൊടി സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പി.ഭാസ്‌കരന്‍ പല ദിവസങ്ങളിലും വന്ന് ‘പോറ്റിയെ കേറ്റിയെ…’ എന്ന പാട്ട് മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ വെക്കാറുണ്ടത്രെ. കഴിഞ്ഞ മൂന്നിന് രാവിലെ 11.45ന് ഇതേ റേഷന്‍ കടയിലെത്തിയ ഭാസ്‌കരന്‍ മൊബൈല്‍ ഫോണില്‍ പ്രസ്തുത പാട്ട് വെച്ചു. ഇതിനെ സി.പി.എം ലോക്കല്‍ സെക്രട്ടറിയായ നണിയൂര്‍നമ്പ്രം സ്വദേശി ടി.പി.മനോഹരന്‍ (60) ചോദ്യംചെയ്തു. ഇതോടെ മനോഹരന്റെ കഴുത്തില്‍ ഭാസ്‌കരന്‍ കയറി പിടിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് കേസ്. ഭാസ്‌കരന്‍ മുന്‍ സി.പി.എം പ്രവര്‍ത്തകനാണ്. പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ഭാസ്‌കരന്റെ ഭാര്യ മയ്യില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ഈ വിരോധത്തിന് മൂന്നിന് രാവിലെ 11.45ന് അരിമ്പ്ര റേഷന്‍ കടക്ക് സമീപത്ത് വച്ച് സി.പി.എം ലോക്കല്‍ സെക്രട്ടറി ടി.പി.മനോഹരനും സന്ദീപ് ചന്ദ്രന്‍ എന്ന പ്രവര്‍ത്തകനും ചേര്‍ന്ന് തന്നെ മര്‍ദിച്ചുവെന്നാണ് ഭാസ്‌കരന്റെ (56) പരാതി. ഈ പരാതിയിലും മയ്യില്‍ പൊലീസ് കേസെടുത്തു.







