ചെറുവത്തൂര്‍: കണ്ണങ്കൈ നാടകവേദിയും വനിതാ കൂട്ടായ്മയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പത്താമത് നാടകോത്സവവും വനിതാ പൂരക്കളി അരങ്ങേറ്റവും എട്ട് മുതല്‍ 11 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ കെ.വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണന്‍ അദ്ധ്യക്ഷത വഹിക്കും. രാജ്മോഹന്‍ നീലേശ്വരം മുഖ്യാതിഥിയാകും. ഡിവൈ.എസ്.പി സി. കെ സുനില്‍കുമാര്‍ ഉപഹാര സമര്‍പ്പണം നടത്തും. തുടര്‍ന്ന് ഇരട്ടരാമായണ കാഴ്ചകളുടെ വിസ്മയ കാഴ്ചയായി വനിതാ കൂട്ടായ്മയുടെ പൂരക്കളി അരങ്ങേറ്റം നടക്കും. രാത്രി ഏഴര മണിക്ക് വള്ളുവനാട് നാദം കമ്മ്യുണിക്കേഷന്റെ നാടകം കാഴ്ച ബംഗ്ലാവ് അരങ്ങേറും. 10 ന് നാടകം മഗധ അരങ്ങേറും. 11 ന് നടക്കുന്ന സമാപന സമ്മേളനം എം. രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. മാധവന്‍ മണിയറ അദ്ധ്യക്ഷത വഹിക്കും. രാത്രി നാടകവേദിയും വനിതാ കൂട്ടായ്മയും ചേര്‍ന്നൊരുക്കുന്ന ആനന്ദ നടനം നൃത്ത വിസ്മയം അരങ്ങിലെത്തിക്കും. വാര്‍ത്താ സമ്മേളനത്തില്‍ നാടകവേദി പ്രസിഡന്റ് കണ്ണങ്കൈ കുഞ്ഞിരാമന്‍, സെക്രട്ടറി എം. രാഗേഷ്, വനിതാ കൂട്ടായ്മ പ്രസിഡന്റ് സീമ കൃഷ്ണന്‍, സെക്രട്ടറി രമ്യ പ്രിയേഷ്, ട്രഷറര്‍ ശോഭ കൃഷ്ണന്‍ പങ്കെടുത്തു.







