നാരായണന്‍ പേരിയ
‘ഒന്നാംകിട ഭരണഘടനയുള്ള രണ്ടാംകിട രാജ്യം’ എന്ന് ഇന്ത്യയെ വിശേഷിപ്പിച്ചത് പ്രശസ്ത നിയജ്ഞനായ അഡ്വക്കെറ്റ് നാനിപാല്‍ഖിവാല. ‘ഇന്ത്യയിലുള്ളത് ഫിഫ്റ്റി: ഫിഫ്റ്റി ജനാധിപത്യം’.
ഒരു ചരിത്രകാരന്റെ കണിശതയും സാഹിത്യകാരന്റെ സര്‍ഗ്ഗാത്മകതയും നിഷ്പക്ഷമായ നിരീക്ഷണവും കൊണ്ട് വായനക്കാരെ പ്രബുദ്ധരാക്കുന്ന എഴുത്തുകാരന്‍ ഡോ. രാമചന്ദ്രഗുഹ, പാല്‍ഖിവാലയുടെ അഭിപ്രായത്തിന് ഒരു ഭേദഗതി നിര്‍ദ്ദേശിക്കുന്നു. രണ്ടാംകിടയല്ല, മൂന്നാംകിട ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്ന.് ഇതും തിരുത്തേണ്ടതല്ലേ? നൂറാംകിട ജനാധിപത്യം എന്ന് പറഞ്ഞാല്‍പ്പോലും കുറഞ്ഞുപോകും. അല്ലെങ്കില്‍ ജെറ്റിസ്ബര്‍ഗ്ഗ് സ്പീച്ചില്‍, അബ്രഹാംലിങ്കണ്‍ ജനാധിപത്യ ഗവണ്‍മെന്റിനെ ‘ഗവണ്‍മെന്റ് ഓഫ് ദ പീപ്പ്ള്‍, ഫോര്‍ ദ പീപ്പ്ള്‍, ബൈ ദ പീപ്പ്ള്‍’ എന്ന് നിര്‍വ്വചിച്ചത് തിരുത്തേണ്ടിവരും.
ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങളുടെ ഗുണനിലവാരവും, കാര്യക്ഷമതയും വല്ലാതെ കുറഞ്ഞു പോയി. നാള്‍ തോറും താഴോട്ട് താഴോട്ട് എന്ന ഗതി.
1950ല്‍ ഭരണഘടന അംഗീകരിക്കപ്പെട്ടപ്പോള്‍ ‘ഒന്നാംകിട’ എന്ന് വാഴ്ത്തപ്പെട്ടതിന് കാരണം ഇതാണ്: നീതിബോധമുള്ള, നിസ്വാര്‍ത്ഥമതികളായിരുന്നു ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കിയവരും അത് പ്രതിനിധി സഭയില്‍ (കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലി) അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് പാസ്സാക്കിയവരും. ആ പ്രതിനിധി സഭയോ? തികച്ചും യോഗ്യതയുള്ളവര്‍ മാത്രം അടങ്ങിയത്; പണം കൊടുത്ത് പദവി വാങ്ങിയവര്‍ ആയിരുന്നില്ല. പണാധിപത്യം ഒരിടത്തും ഉണ്ടായിരുന്നില്ല.
ജനാധിപത്യ സ്ഥാപനങ്ങളുടെ നിലവാരം ഉയരണമെങ്കില്‍, പ്രവര്‍ത്തനം സുതാര്യമാകണം. തുറന്ന സമീപനം സ്വീകരിക്കണം. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും കുറ്റവാളികളെ നിരോധിക്കണം. അല്ലെങ്കില്‍ പണം കൊടുത്ത് പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും വോട്ടെടുപ്പില്‍ ജയം നേടും. ജയം നേടിയാലോ? മുടക്കുമുതലും പലിശയും ഈടാക്കാന്‍ ഭരണ സംവിധാനങ്ങളെ ദുരുപയോഗിക്കും. ഒന്നാമത്തെ അജണ്ട പണം പിടുങ്ങല്‍.
സ്വന്തം കുടുംബാംഗങ്ങളെയും മറ്റ് ബന്ധുക്കളെയും ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരെയും ഉയര്‍ത്തിക്കൊണ്ടുവരും. ജനാധിപത്യം പഴയ രാജാധിപത്യത്തിന്റെ വഴിക്ക് പോകും. അധികാരവും അവകാശവും എല്ലാം സ്വന്തക്കാര്‍ക്ക് മാത്രം.
ഇന്ത്യയിലെ എല്ലാ രാഷ്ട്രീപ്പാര്‍ട്ടികളെയും ഇന്ത്യന്‍ ജനാധിപത്യത്തെത്തന്നെയും കുടുംബരാഷ്ട്രീയം എന്ന പകര്‍ച്ചവ്യാധി ബാധിച്ചിട്ടുണ്ട്. പ്രവര്‍ത്തനമികവിനേക്കാള്‍ മുഖസ്തുതി പ്രാവീണ്യം മുന്‍ഗണനാ മാനദണ്ഡം. പണ്ഡിറ്റ് നെഹ്റുവിന്റെ അവസാനകാലത്ത് തുടങ്ങിയതാണ് ഇത്. ഒട്ടും വൈകാതെ മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളെയും ബാധിച്ചു. ‘താതന്‍ കഴിഞ്ഞാല്‍ നനയന്‍’-തന്നെ. അണികള്‍ അംഗീകരിക്കണം. അല്ലെങ്കില്‍ പുറത്ത്. പാര്‍ട്ടിപ്പെരുപ്പത്തിന് കാരണം ഇതു തന്നെ. പുറത്താക്കപ്പെടുന്നവര്‍ പുതിയപാര്‍ട്ടി.
‘ലാലു-റാബ്രി പാരമ്പര്യം’ കേരളത്തിലുമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍പ്പോലും കാണാം ഈ ദുഷ്പ്രവണത. പണം കൊടുത്ത് സീറ്റും പദവിയും വാങ്ങാം. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഈ ശൈലി തലയുയര്‍ത്തിക്കണ്ടതാണ്.
തൃശൂര്‍ കോര്‍പ്പറേഷന്‍ അധ്യക്ഷസ്ഥാനം സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങള്‍ ഉദാഹരണം. തിരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസ് വനിതാ നേതാവായ ലാലി ജയിംസിനോട് ഡി സി സി അധ്യക്ഷന്‍ ജോസറ്റ് ടാജറ്റ് പണം ആവശ്യപ്പെട്ടുപോലും, മേയര്‍ സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിക്കപ്പെടാന്‍. പാര്‍ട്ടി ഓഫീസിലേയ്ക്ക് വിളിച്ചുവരുത്തി പണം ചോദിച്ചപ്പോള്‍, പണം കൊടുത്ത് വാങ്ങാനുള്ളതാണ് മേയര്‍പദവി എന്ന് താന്‍ വിശ്വസിക്കുന്നില്ല. അത്തരം സ്ഥാനം തനിക്ക് വേണ്ടാ എന്ന് പറഞ്ഞ് ഇറങ്ങി നടന്നു. അടുത്ത ദിവസം വീണ്ടും വിളിപ്പിച്ചു പാര്‍ട്ടി ഓഫീസിലേയ്ക്ക്. ഈ കാര്യം ഉന്നയിച്ചു. ടി എന്‍ പ്രതാപന്‍, എം പി വിന്‍സെന്റ് എന്നീ നേതാക്കളും തല്‍സമയം ഓഫീസിലുണ്ടായിരുന്നുവത്രെ. ആദ്യത്തെ ഒരു വര്‍ഷം മേയര്‍ സ്ഥാനം മതി തനിക്ക്. ശേഷം നാല് വര്‍ഷം മറ്റാര്‍ക്കെങ്കിലും കൊടുത്തോളൂ എന്ന് താന്‍ പറഞ്ഞപ്പോള്‍, അതു വേണ്ട, രണ്ടോ മൂന്നോ ടേമിലേയ്ക്ക് പരിഗണിക്കാം എന്ന് പറഞ്ഞു. താന്‍ നിരസിച്ചു എന്ന് ലാലി പരസ്യമായി പറഞ്ഞു.
മേയര്‍ പദവിയിലേയ്ക്ക് പരിഗണിക്കുന്നതിനായി പാര്‍ട്ടി നേതാക്കള്‍ പണം ആവശ്യപ്പെട്ടു എന്ന കാര്യം വെളിപ്പെടുത്തിയതോടെ ലാലി ജയിംസിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തു എന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു.
എന്താണ് അച്ചടക്കരാഹിത്യം? പദവിക്കായി പണം കൊടുക്കാത്തത്; പണം വീണ്ടും വീണ്ടും നേതാക്കള്‍ ആവശ്യപ്പെട്ടു എന്ന സത്യം വെളിപ്പെടുത്തിയത്! മഹാത്മജിയുടെ പാര്‍ട്ടി എന്ന് അഭിമാനപൂര്‍വ്വം അവകാശപ്പെടുന്ന പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ!
എല്ലാ തിരഞ്ഞെടുപ്പിലും നുണ ജയിക്കുന്നു; കോടതിയിലും നുണയ്ക്കാണ് എപ്പോഴും ജയം.
സത്യത്തിന്റെ ഉടുപ്പ് ധരിച്ചു എന്ന ഒറ്റക്കാരണം കൊണ്ടാണ് നുണ ജയിക്കുന്നത്. എന്ന് കഴിഞ്ഞ ദിവസം പ്രശസ്ത സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് മുന്നോടിയായി നടന്ന സാഹിത്യ ക്യാമ്പ് ഉദ്ഘാടനം ചെയ്യവെ പറഞ്ഞു.’നുണക്കുപ്പായം’ വില്‍പ്പനക്കുണ്ടാകും പാര്‍ട്ടി ഓഫീസുകളില്‍. കോടതികളിലോ? അത് പറയാന്‍ പാടില്ല; കോടതി അലക്ഷ്യമായേക്കും!
ഇങ്ങ് വടക്ക്, പുല്ലൂര്‍- പെരിയ പഞ്ചായത്തിലുമുണ്ടായി ചില ഒളിച്ചുകളികള്‍. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പിയുടെ ഭാഷയില്‍, ചില കോണ്‍ഗ്രസ്സുകാരും ബി ജെ പിയും തമ്മില്‍ ചില അന്തര്‍ദ്ധാരകള്‍ ഉണ്ടത്രേ. പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിശ്ചയിച്ച ഉഷ എന്‍ നായരെ ഒരു വിഭാഗം കോണ്‍ഗ്രസംഗങ്ങള്‍ അംഗീകരിച്ചില്ല. പാര്‍ട്ടി വിപ്പ് നല്‍കിയിട്ടും അവഗണിച്ചു. ക്വാറം തികയാത്തതിനാല്‍ തിരഞ്ഞെടുപ്പ് മാറ്റി. ഉച്ച കഴിഞ്ഞ് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബി ജെ പി അംഗം വിട്ടു നിന്നു. തുല്യവോട്ടായതോടെ നറുക്കെടുപ്പ് നടന്നു. എല്‍ ഡി എഫ് ജയിച്ചു. സി കെ സബിത പ്രസിഡന്റായി.
ഉദുമയില്‍ കോണ്‍ഗ്രസംഗം ബാലറ്റ് പേപ്പറില്‍ ഒപ്പിടാതെ സ്വന്തം വോട്ട് അസാധുവാക്കി. മൂന്ന് തവണ പഞ്ചായത്തംഗമായിട്ടുള്ള ചന്ദ്രന്‍ നാലാംവാതുക്കലിന് വോട്ടുചെയ്യാനറിയില്ലത്രേ. ഇതും ഉണ്ണിത്താന്റെ വിമര്‍ശനത്തിന് കാരണമായി.
‘ജനാധിപത്യം മഹാകേമം, എനിക്കും കിട്ടണം…’ പണമോ, പദവിയോ? ഒന്നുണ്ടെങ്കില്‍ മറ്റേത് പിന്നാലെ വരും!.







