തിരുവനന്തപുരം: തിരക്ക് കൂടുന്നതിനനുസരിച്ച് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്ന ‘ഫ്‌ളക്‌സി’ പരിഷ്‌കാരം കെ.എസ്.ആര്‍.ടി.സി നടപ്പാക്കി. 2018 മുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ മാത്രം ഏര്‍പ്പെടുത്തിയിരുന്ന ഫ് ളക്‌സി നിരക്ക് സംസ്ഥാനത്തെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കും ബാധമാക്കിയത് കെ.എസ്.ആര്‍.ടി.സി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് രൂക്ഷമാക്കിയിട്ടുണ്ട്.
ഇതനുസരിച്ച് രാവിലെ ഒരു നിരക്കും വൈകിട്ട് മറ്റൊരു നിരക്കുമായിരിക്കും. തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ തുക നല്‍കേണ്ടി വരും. ദീര്‍ഘദൂര സ്വകാര്യ ബസുകളുടെ മാതൃകയിലാണ് പരിഷ്‌കാരമെങ്കിലും സ്വകാര്യ ബസുകളെ പോലെ കെ.എസ്.ആര്‍ടിസി അമിത നിരക്ക് ഈടാക്കുന്നില്ലെന്ന് പറയുന്നു.
2018ല്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ തിരക്കിനനുസരിച്ച് 30% നിരക്ക് ഉയര്‍ത്താനും ചൊവ്വ മുതല്‍ വ്യാഴം വരെ 15% കുറയ്ക്കാനുമായിരുന്നു അനുമതി. മൂന്നുമാസം മുമ്പ് നിരക്ക് വര്‍ദ്ധന അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ വ്യവസ്ഥകളൊക്കെ തകിടം മറിഞ്ഞു. നിരക്ക് നിശ്ചയിക്കാനുള്ള സംവിധാനം കണ്‍ട്രോള്‍ റൂമില്‍ ഒരുക്കിയിട്ടുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.







