തിരുവനന്തപുരം: ലഹരിക്കേസില്‍ തൊണ്ടി മുതല്‍ തിരിമറി നടത്തിയെന്ന കേസില്‍ മുന്‍മന്ത്രിയും എം എല്‍ എയുമായ ആന്റണി രാജു കുറ്റക്കാരനാണെന്നു കോടതി. ഒന്നാംപ്രതി കെ എസ് ജോസും കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുവരെയും കുറ്റക്കാരാണെന്നു കണ്ടെത്തിയത്. ജീവപര്യന്തം തടവ് വരെ കിട്ടാനുള്ള കുറ്റങ്ങളാണ് തെളിഞ്ഞത്. എന്നാല്‍ ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ തെളിഞ്ഞതിനാല്‍ ശിക്ഷ പ്രഖ്യാപിക്കുന്നത് സി ജെ എം കോടതിയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജുവിന്റെ അഭിഭാഷകന്‍ ഹര്‍ജി നല്‍കി. 1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ അടിവസ്ത്രത്തില്‍ ലഹരിമരുന്നുമായി പിടിയിലായിരുന്നു. ഇയാളെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്. കേസില്‍ ആന്‍ഡ്രൂ സാല്‍വദോറിനെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വര്‍ഷത്തേയ്ക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വിട്ടയച്ചു.
അന്ന് സാല്‍വദോറിന്റെ അഭിഭാഷനായിരുന്ന ആന്റണി രാജു കോടതിയിലെ ക്ലാര്‍ക്കിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടിമുറിച്ച് ചെറുതാക്കി തിരികെ വച്ചുവെന്നാണ് കേസ്. ഇത് തെളിവായി എടുത്താണ് പ്രതിയെ ഹൈക്കോടതി വിട്ടയച്ചത്.







