തിരുവനന്തപുരം: സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ-ടെറ്റ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. 2025 സെപ്റ്റംബര്‍ ഒന്നിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവില്‍ വന്നതോടെ പല ഇളവുകളും ഇല്ലാതായി.
സെറ്റ്, നെറ്റ്, എംഫില്‍, പിഎച്ച്ഡി, എംഎഡ് എന്നീ ഉയര്‍ന്ന യോഗ്യതകള്‍ ഉള്ളവര്‍ക്കും കെ-ടെറ്റ് നിര്‍ബന്ധമാക്കി. പുതിയ ഉത്തരവോടെ അധ്യാപക തസ്തികകളിലേക്കും സ്ഥാനക്കയറ്റത്തിനും ഇനി കെ-ടെറ്റ് യോഗ്യത വേണ്ടിവരും. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് പ്രധാന അധ്യാപകരാകാനോ, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്ക് ബൈട്രാന്‍സ്ഫര്‍ നിയമനം ലഭിക്കാനോ ഇനി കെ-ടെറ്റ് കാറ്റഗറി മൂന്ന് നിര്‍ബന്ധമാണ്.
എല്‍പി, യുപി അധ്യാപക നിയമനങ്ങള്‍ക്ക് കെ-ടെറ്റ് കാറ്റഗറി ഒന്ന്, രണ്ട് എന്നിവയില്‍ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ പരിഗണിക്കും. എന്നാല്‍ ഹൈസ്‌കൂള്‍ നിയമനങ്ങള്‍ക്ക് കാറ്റഗറി മൂന്ന് തന്നെ വേണം. കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ സിടെറ്റ് വിജയിച്ചവര്‍ക്കുള്ള ഇളവ് തുടരും. സി-ടെറ്റ് പ്രൈമറി സ്റ്റേജ് വിജയിച്ചവരെ എല്‍പി നിയമനത്തിനും എലമെന്ററി സ്റ്റേജ് വിജയിച്ചവരെ യുപി നിയമനത്തിനും പരിഗണിക്കും. എച്ച്എസ്ടി/യുപിഎസ്ടി/എല്‍പിഎസ്ടി തസ്തികകളിലേക്കുള്ള ബൈട്രാന്‍സ്ഫര്‍ നിയമനങ്ങള്‍ക്ക് അതാത് കാറ്റഗറിയിലെ കെ-ടെറ്റ് വിജയിച്ചവര്‍ക്ക് മാത്രമായിരിക്കും പരിഗണന.
പുതിയ ഉത്തരവോടെ സര്‍വീസിലുള്ള നിരവധി അധ്യാപകരാണ് പ്രതിസന്ധിയിലാകുന്നത്. അധ്യാപകരെ സര്‍ക്കാര്‍ വഞ്ചിച്ചെന്ന വിമര്‍ശനവുമായി പ്രതിപക്ഷസംഘടനകള്‍ രംഗത്തെത്തി. കെ-ടെറ്റിന്റെ പേരില്‍ അധ്യാപകരുടെ സ്ഥാനക്കയറ്റം തടയില്ലെന്ന് മിനിറ്റ്‌സ് രേഖപ്പെടുത്തിയ പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കി ഉദ്യോഗസ്ഥരെ വഞ്ചിച്ചെന്ന് കെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദുള്ള ആരോപിച്ചു.
കെ-ടെറ്റ് യോഗ്യതയ്ക്ക് രണ്ടു വര്‍ഷത്തെ സമയപരിധി സുപ്രീംകോടതി നിശ്ചയിച്ചിരിക്കേ വിധിയുടെ പേരില്‍ സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും സര്‍ക്കാര്‍ തടയുന്നതിനെയും സംഘടന കുറ്റപ്പെടുത്തി.







