തൃക്കരിപ്പൂരിൽ ഒരു സംഘം യുവാക്കൾ അഴിഞ്ഞാടി, ഹോട്ടൽ അടിച്ചു തകർത്തു; ജീവനക്കാരന് മർദ്ദനമേറ്റു, 19 പേർക്കെതിരെ കേസെടുത്തു

കാസർകോട്: തൃക്കരിപ്പൂരിൽ ഭക്ഷണം നൽകാൻ വൈകിയെന്നാരോപിച്ച് ഹോട്ടലിന് നേരെ യുവാക്കളുടെ അതിക്രമം. ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചു. പയ്യന്നൂർ സ്വദേശികളായ യുവാക്കളുടെ നേതൃത്വത്തിലുള്ള ഇരുപത്തിയഞ്ചോളം വരുന്ന സംഘമാണ് തൃക്കരിപ്പൂർ ടൗണിലെ ‘പോക്കോപ്’ ഹോട്ടൽ അടിച്ചുതകർക്കുകയും ജീവനക്കാരനെ മർദ്ദിക്കുകയും ചെയ്തത്. ബുധനാഴ്ച അർദ്ധരാത്രിയിലാണ് നാടിനെ നടുക്കിയ അക്രമ പരമ്പരകൾ അരങ്ങേറിയത്. പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ശിഹാബുദ്ദീന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് അക്രമം നടന്നത്. രാത്രി 11 മണിയോടെ ആദ്യം നാല് യുവാക്കളാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത്. ഓർഡർ ചെയ്ത ഭക്ഷണം എത്താൻ വൈകിയെന്ന് ആരോപിച്ച് ഇവർ ഹോട്ടലിലെ ഗ്ലാസുകളും പാത്രങ്ങളും എറിഞ്ഞുതകർക്കുക യായിരുന്നു. ഉടമ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ചന്തേര പൊലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചെങ്കിലും പിന്നീട് വിട്ടയച്ചു. എന്നാൽ ഇതിന് തൊട്ടുപിന്നാലെ കൂടുതൽ പേരെ സംഘടിപ്പിച്ചെത്തിയ സംഘം ഹോട്ടലിൽ അഴിഞ്ഞാടുകയായിരുന്നു. ഹോട്ടലിന്റെ ചില്ലുകൾ തകർക്കുകയും ഇതര സംസ്ഥാനക്കാരായ ജീവനക്കാരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പുറത്ത് പാർക്ക് ചെയ്തിരുന്ന ഡെലിവറി വാഹനങ്ങളും സംഘം തകർത്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പയ്യന്നൂർ സ്വദേശികളായ യുവാക്കൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. കണ്ടാലറിയാവുന്ന 19 പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. സംഭവത്തിൽ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രതിഷേധിച്ചു. സിസി ടി വി ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page