തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയെന്നാരോപിച്ച് സഹകരണ ബാങ്ക് ജീവനക്കാരിയായ മാതാവിനെ സിപിഎം ഭരണസമിതി ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു. തൊടുപുഴ കാരിക്കോട് സര്‍വീസ് സഹകരണ ബാങ്കിലെ സ്വീപ്പര്‍ നിസ ഷിയാസിനെയാണ് പിരിച്ചുവിട്ടത്.
അഞ്ച് വര്‍ഷമായി 5000 രൂപ മാസ ശമ്പളത്തില്‍ ഇടുക്കിയിലെ കാരിക്കോട് സര്‍വീസ് സഹകരണ ബാങ്കിലെ താല്‍ക്കാലിക സ്വീപ്പറായി ജോലി നോക്കുകയാണ് നിസ. ഭര്‍ത്താവ് മരിച്ച നിസയുടെ ഉപജീവന മാര്‍ഗമായിരുന്നു ഇത്. തൊടുപുഴ നഗരസഭയിലെ 21ാം വാര്‍ഡില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിഷ്ണു കോട്ടപ്പുറത്തിന് വേണ്ടി നിസയുടെ മകന്‍ പ്രചാരണത്തിന് ഇറങ്ങിയെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിഷ്ണു ജയിച്ചതോടെ തനിക്കെതിരെ ബാങ്ക് ഭരണ സമിതി പിരിച്ചുവിടല്‍ ഭീഷണി ഉയര്‍ത്തിയിരുന്നുവെന്ന് നിസ ആരോപിച്ചു.
ജോലി നഷ്ടമാകുമെന്നറിഞ്ഞതോടെ നിസ സിപിഎം നേതൃത്വത്തെ സമീപിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ല. തുടര്‍ന്ന് സിപിഎം ഏരിയ സെക്രട്ടറിയെ കണ്ട് പരാതിപ്പെട്ടപ്പോള്‍ ജോലിയില്‍ തുടരാമെന്ന് പറഞ്ഞെങ്കിലും ജനുവരി ഒന്നിന് ബാങ്കിലെത്തിയപ്പോള്‍ നാളെ മുതല്‍ വരേണ്ടെന്നും പാര്‍ട്ടി തീരുമാനമാണെന്നും പറഞ്ഞ് തിരിച്ചയക്കുകയായിരുന്നുവത്രേ.
എന്നാല്‍ ജോലി തൃപ്തികരമല്ലാത്തതിനാല്‍ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രസിഡന്റ് സജികുമാര്‍ പറഞ്ഞു.







