കൊച്ചി: ഉപ്പും മുളകും താരം സിദ്ധാര്‍ഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റ ആള്‍ മരിച്ചതിന് പിന്നാലെ നടന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് നടി അമേയ നായര്‍. ഡിസംബര്‍ 24-ന് രാത്രി നടന്ന ആക്രമണത്തിന് പിന്നാലെ നാട്ടുകാര്‍ സിദ്ധാര്‍ത്ഥിനെ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ താരത്തിനെ അനുകൂലിക്കുന്ന വിധം അമേയയുടെ ഭര്‍ത്താവും നടനുമായ ജിഷ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതാണ് സൈബര്‍ ആക്രമണത്തിന് കാരണമായത്.
കോട്ടയം എംസി റോഡില്‍ നാട്ടകം ഗവണ്‍മെന്റ് കോളേജിന് സമീപത്ത് നടന്ന അപകടത്തില്‍ ലോട്ടറി വില്‍പ്പനക്കാരനായ തങ്കരാജാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലെ കമന്റ് ബോക്‌സിലൂടെ ജിഷിനും അമേയ്ക്കും നേരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ജിഷിന്‍ പങ്കുവച്ച പുതുവത്സര ആശംസകള്‍ക്ക് താഴെയും വിമര്‍ശനങ്ങള്‍ കടുത്തതോടെ അമേയ വിശദീകരണവുമായി രംഗത്തുവരികയായിരുന്നു.
‘ചെറുതും വലുതുമായ എല്ലാ പൊങ്കാലയും സ്വീകരിക്കുന്നു. വരിക ഇടുക, പ്രക്രിയ കഴിഞ്ഞാല്‍ പോവുക. ഞങ്ങള്‍ ആരെയും വണ്ടി കേറ്റി കൊന്നിട്ടില്ല. കൊല്ലാന്‍ ആഹ്വാനം ചെയ്തിട്ടുമില്ല. കൊന്നെങ്കില്‍ ആ തെറ്റിനെ ഞങ്ങള്‍ ന്യായീകരിച്ചിട്ടും ഇല്ല. ആള്‍ക്കൂട്ട ആക്രമണം, അതിനെതിരെയാണ് ഞങ്ങള്‍ സംസാരിച്ചത്. ഇപ്പോഴും അതില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു, ഒരിഞ്ചു പോലും മാറ്റമില്ല’ – എന്നും അമേയ പറഞ്ഞു.







