മൊഗ്രാല്‍: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ അറബി കലോത്സവത്തില്‍ അറബി നാടകത്തിനു നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടി. പത്ത് വര്‍ഷത്തിനിടയില്‍ ഒരു തവണ ഒഴികെ മറ്റെല്ലാ വര്‍ഷവും ഇതേ സ്‌കൂള്‍ തന്നെയാണ് സംസ്ഥാന മത്സരത്തില്‍ പങ്കെടുത്തത്.
നമ്മുടെ നാട്ടില്‍ നടക്കുന്ന കല്യാണ മാമാങ്കത്തിന്റെയും ധൂര്‍ത്തിന്റെയും കഥകളില്‍ തുടങ്ങി ഫലസ്തിനിലെ കുഞ്ഞുങ്ങളുടെ വിശപ്പിന്റെ കഥ പറയുന്ന നാടകം കാണികളുടെ കയ്യടി നേടി. അഹ്‌മദ് അയ്മന്‍, ആമിനത്ത് റുഫൈദ, ഫാത്തിമത്ത് ശിഫാന, ആശിക്ക, നബീസത്ത് മിസ്രിയ, സിയ മറിയം, ഫാത്തിമത്ത് ഹിബ ഫര്‍ഹത്ത്, മുഹമ്മദ് അഫാന്‍, തന്‍സീര്‍ റഹ്‌മാന്‍, ഫാത്തിമത്ത് അംന എന്നിവരാണ് അഭിനേതാക്കള്‍. ഗ്രാമീണനും രാജാവുമായി അഭിനയിച്ച അഹ്‌മദ് അയ്മന്‍ മികച്ച നടനായും ഫലസ്തീനിലെ ദുരിതമനുഭവിക്കുന്ന കുട്ടിയായി അഭിനയിച്ച ആമിനത്ത് റുഫൈദ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ഇതേ സ്‌കൂളിലെ പ്രൈമറി വിഭാഗം അധ്യാപകന്‍ സാദിഖ് ബാദ്ഷയാണ് നാടകമെഴുതിയത്.







