ന്യൂഡല്‍ഹി: കാനഡയിലെ വാന്‍കൂവര്‍ വിമാനത്താവളത്തില്‍ നിന്ന് വിയന്ന വഴി ഡല്‍ഹിയിലേക്ക് പറക്കേണ്ടിയിരുന്ന ദീര്‍ഘദൂര എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിനെതിരെ കടുത്ത നടപടി വന്നേക്കും. പറക്കുംമുന്‍പ് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ കയറിയ പൈലറ്റിനെ മദ്യം മണക്കുന്നതായി ഒരു ജീവനക്കാരി പരാതിപ്പെട്ടിരുന്നു. എയര്‍ ഇന്ത്യയുടെ ബോയിങ് 777 എഐ 186 വിമാനത്തിലെ പൈലറ്റിനെതിരെയാണ് ആരോപണം ഉയര്‍ന്നത്.
പിന്നാലെ പൈലറ്റിനെ കനേഡിയന്‍ അധികൃതര്‍ പരിശോധിച്ചു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിശ്ചിത സമയത്തിനേക്കാള്‍ രണ്ട് മണിക്കൂര്‍ വൈകി മറ്റൊരു പൈലറ്റിനെ ഏര്‍പ്പാടാക്കിയാണ് വിമാനം വാന്‍കൂവറില്‍ നിന്ന് പറന്നത്. കഴിഞ്ഞ ഡിസംബര്‍ 23ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവന്നത്.
സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച എയര്‍ ഇന്ത്യ പൈലറ്റിനെ ചുമതലകളില്‍ നിന്ന് പുറത്താക്കിയതായും ശിക്ഷാ നടപടികളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും അറിയിച്ചു. സുരക്ഷയ്ക്കാണ് എല്ലായ്പ്പോഴും എയര്‍ ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്നും കമ്പനി വ്യക്തമാക്കി.







