കൊച്ചി: എയര്‍ ഇന്ത്യയുടെ പുത്തന്‍ വിമാനത്തിന് ടാറ്റ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ പേരിട്ട് കമ്പനി. വി.ടി.ആര്‍.എന്‍.ടി എന്നാണ് ബോയിങ് മാക്‌സ് വിമാനത്തിന് പേരിട്ടിരിക്കുന്നത്. ഇതില്‍ ആര്‍.എന്‍.ടി രത്തന്‍ നവല്‍ ടാറ്റയെ ആണ് പ്രതിനിധീകരിക്കുന്നത്. രത്തന്‍ നേവല്‍ ടാറ്റയുടെ 88-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്, സിയാറ്റിലിലെ ബോയിംഗ് നിര്‍മ്മാണ യൂണിറ്റില്‍ നിന്ന് ശനിയാഴ്ച രാവിലെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 51-ാമത് 737-8 മാക്‌സ് വിമാനം ഡല്‍ഹിയിലേക്ക് പറന്നുയര്‍ന്നത്. വിമാനത്തെ ജീവനക്കാര്‍ ആദരവോടെയാണ് വരവേറ്റത്.
ഈ വിമാനം വിഷനറി എയര്‍ക്രാഫ്റ്റ് എന്ന പേരിലാകും അറിയപ്പെടുക. 189 ഇക്കോണമി സീറ്റുകളുള്ള വിമാനം ബോയിങ്ങില്‍ തന്നെയാണ് പൂര്‍ണമായും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇനി ബോയിങ്ങില്‍ നിന്ന് എയര്‍ ഇന്ത്യ എക്പ്രസ് ഫ് ളീറ്റിന്റെ ഭാഗമാകാന്‍ പോകുന്ന 147 വിമാനങ്ങളും ഈ മാതൃകയിലായിരിക്കും.
ലെതര്‍ കുഷനുള്ള സീറ്റുകള്‍ക്കിടയില്‍ 29 ഇഞ്ചാണ് അകലം. കാബിനകത്ത് ശബ്ദം കുറവായിരിക്കും. ലൈന്‍ ഫിറ്റ് ആയ ആദ്യത്തെ എ.ഐ എക്‌സ്പ്രസ് വിമാനമാണിത്. ക്യാബിന്‍ ഇന്റീരിയറുകളും ബാഹ്യ ലിവറി ഡിസൈനും എയര്‍ലൈന്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജെആര്‍ഡി ടാറ്റയുടെ പേരിലുള്ള വിടിജെആര്‍ഡി വിമാനവും ഇപ്പോള്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഉടമസ്ഥതയിലാണ് ഇപ്പോള്‍. നേരത്തെ എയര്‍ ഏഷ്യ ഇന്ത്യയുടെ ഭാഗമായിരുന്ന ഈ വിമാനത്തിന് പയനിയര്‍ എന്നാണ് പേര്. എയര്‍ ഏഷ്യ ലയനത്തോടെ ഇത് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നിരയിലെത്തി. ജനുവരിയില്‍ പുതിയ വിമാനം യാത്രക്കൊരുങ്ങും.







