തിരുവനന്തപുരം: വീടിനുമുന്നിലുളള തൂണുകളില്‍ ചുവപ്പ് നിറത്തിലുള്ള അടയാളം കണ്ട് ഭയന്ന നാട്ടുകാര്‍ക്ക് ആശ്വാസമായി പൊലീസ് അന്വേഷണം. തിരുവനന്തപുരം നേമത്താണ് കഴിഞ്ഞദിവസങ്ങളില്‍ ഇടറോഡുകളിലെ തൂണുകളില്‍ വട്ടത്തിലുള്ള ചുവന്ന അടയാളം കണ്ടത്. ഇതോടെ പരിഭ്രാന്തരായ നാട്ടുകാര്‍ സിസിടിവി പരിശോധിച്ചതോടെ കൂടുതല്‍ ഭയന്നു. മുഖംമൂടികളായ ഒരു സംഘം പോസ്റ്റുകളില്‍ ചുവന്ന അടയാളം വരയ്ക്കുന്ന ദൃശ്യങ്ങളാണ് കണ്ടത്. മോഷണ സംഘമോ, കുട്ടികളെ കടത്തുന്നവരോ ആകാം ഇതിന് പിന്നിലെന്ന് ഭയന്ന നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് ജാഗ്രത പാലിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രണ്ടു പേര്‍ നേമം പൊലീസിനുമുന്നിലെത്തി ചുവപ്പ് നിറത്തിലുള്ള അടയാളത്തിന് പിന്നില്‍ തങ്ങളാണെന്ന കാര്യം വെളിപ്പെടുത്തുന്നത്. സ്വകാര്യ ഇന്റര്‍നെറ്റ് കമ്പനിയുടെ ഫൈബര്‍ നെറ്റ് വര്‍ക്ക് ചെയ്യുന്നവരാണെന്നും പുതിയ കണക്ഷന്‍ നല്‍കുന്നതിനായി വീടുകള്‍ അടയാളപ്പെടുത്തിയതാണെന്നും ഇവര്‍ പൊലീസിനെ അറിയിച്ചു.
ചുവന്ന അടയാളം കണ്ട് നാട്ടുകാര്‍ ആശങ്കയിലാണെന്ന വാര്‍ത്ത കണ്ടാണ് ജീവനക്കാര്‍ സ്റ്റേഷനിലെത്തിയത്. സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് അടയാളപ്പെടുത്തിയതിനാലാണ് മുഖം മൂടിയതെന്നും ഇവര്‍ വ്യക്തമാക്കി. പൊലീസ് ഇക്കാര്യം നാട്ടുകാരെ അറിയിച്ചതോടെ ആശങ്കയും അവസാനിച്ചു.







