കാസര്‍കോട്: പുതുവത്സരാഘോഷം അതിരുവിട്ടാല്‍ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനം. ആഘോഷങ്ങള്‍ ഏതു തരത്തിലായിരിക്കണം നടത്തണമെന്നത് സംബന്ധിച്ച് പൊലീസ് സംസ്ഥാന തലത്തില്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കി.
ആഘോഷത്തിന്റെ മറവില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ പാടില്ല, മതിയായ വെളിച്ച സൗകര്യം ഉള്ള സ്ഥലങ്ങളില്‍ മാത്രമേ ആഘോഷങ്ങള്‍ അനുവദിക്കു. ബാര്‍ ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, റിസോര്‍ട്ടുകള്‍, മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഡിജെ പാര്‍ട്ടികളും അനുബന്ധ ആഘോഷങ്ങളും നടത്തുമ്പോള്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ മുന്‍കൂട്ടി അറിയിക്കണം. പുതുവത്സരാഘോഷങ്ങളിലും അനുബന്ധ ആഘോഷ പരിപാടികളിലും മദ്യം വിളമ്പുകയാണെങ്കില്‍ പ്രത്യേക ലൈസന്‍സ് എടുക്കണം. കാര്‍, ബൈക്ക് റേസിംഗ് അനുവദിക്കില്ല, പൊതുസ്ഥലങ്ങളില്‍ പരസ്യ മദ്യപാനം അനുവദിക്കില്ല, മദ്യപിച്ച് വാഹനമോടിക്കരുത്, ഉച്ചഭാഷിണി ഉപയോഗിച്ച് ചട്ടലംഘനം നടത്തിയാല്‍ കര്‍ശന നടപടി, അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ അടുത്ത പൊലീസ് സ്റ്റേഷനിസോ കേരള പൊലീസിന്റെ ടോള്‍ ഫ്രീ നമ്പരായ 112, 1515 എന്നീ നമ്പരുകളിലോ ഉടന്‍ അറിയിക്കണം, തിക്കും തിരക്കും കാരണം എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ അത്തരം അടിയന്തിര സാഹചര്യം നേരിടുന്നതിനു ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ സംഘാടകര്‍ ഏര്‍പ്പെടുത്തിയിരിക്കേണ്ടതാണ് ഇവയാണ് പൊലീസ് പുറത്തിറക്കിയ നിര്‍ദ്ദേശത്തിലെ പ്രധാന മാനദണ്ഡങ്ങള്‍.
അതേ സമയം കാസര്‍കോട് ജില്ലയില്‍ ഏറ്റവും വലിയ പുതുവത്സരാഘോഷം നടക്കുന്ന ബേക്കലില്‍ പൊലീസ് വന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ബേക്കല്‍ ഫെസ്റ്റ് നടക്കുന്ന പള്ളിക്കര ബീച്ചിലെ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ജില്ലാ പൊലീസ് മേധാവി ബി.വി വിജയഭരത് റെഡ്ഡി നേരിട്ട് മേല്‍നോട്ടം വഹിക്കും.വേടന്റെ സംഗീത പരിപാടിക്കിടയില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ കണക്കിലെടുത്താണിത്. ജില്ലയില്‍ പൊലീസ് പട്രോളിംഗ് ശക്തമായി തുടരും. അതിര്‍ത്തി റോഡുകളില്‍ പ്രത്യേക നിരീക്ഷണവും പരിശോധനയും ഉണ്ടാകും.







