കാസര്‍കോട്: കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരളയാത്ര ജനുവരി ഒന്നിന് കാസര്‍കോട് നിന്ന് ആരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെന്റിനറിയുടെ ഭാഗമായി നടക്കുന്ന കേരളയാത്ര കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരാണ് നയിക്കുന്നത്. സയ്യിദ് ഇബ്രാഹിം ഖലീല്‍ബുഖാരി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി എന്നിവര്‍ ഉപനായകരാണ്.
സമസ്തയുടെയും പോഷക സംഘടനകളുടെയും സമുന്നത സാരഥികള്‍ യാത്രയില്‍ ഉണ്ടാകും.
മനുഷ്യര്‍ക്കൊപ്പം എന്നതാണ് ഇത്തവണ കേരള യാത്ര ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശം. വ്യാഴാഴ്ച ഉച്ചക്ക് 1.30ന് ഉള്ളാള്‍ ദര്‍ഗ്ഗ സിയാറത്തോടെ യാത്രയ്ക്കു തുടക്കം കുറിക്കും.
സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരും ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലും ചേര്‍ന്ന് ജാഥാ നായകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് പതാക കൈമാറും. കര്‍ണാടക സ്പീക്കര്‍ യുടി ഖാദര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കര്‍ണ്ണാടക ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി അധ്യക്ഷത വഹിക്കും. ചടങ്ങിന് ശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കര്‍ണാടകയിലെ സംഘടനാ നേതാക്കളും പൗരപ്രമുഖരും ചേര്‍ന്ന് കാസര്‍കോട്ടേക്ക് ആനയിക്കും. സംസ്ഥാന അതിര്‍ത്തിയില്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വരവേല്‍പ്പ് നല്‍കും.
വൈകുന്നേരം 5 മണിക്ക് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കര്‍ണാടക സ്പീക്കര്‍ യുടി ഖാദര്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാര്‍ മുഖ്യാതിഥികളാകും.







