കാസര്‍കോട്: മൊഗ്രാലില്‍ നടക്കുന്ന കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിനു ഇന്നു തിരശ്ശീല വീഴും. മൂന്നു ദിവസങ്ങളിലായി നടന്ന കലോത്സവം വലിയ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ത്ഥ്യത്തിലാണ് ചരിത്രമുറങ്ങുന്ന ഇശല്‍ഗ്രാമം. ഒരുക്കങ്ങള്‍ക്കായി ചുരുക്കം ദിവസങ്ങള്‍ മാത്രമേ ലഭിച്ചുള്ളുവെങ്കിലും നാട്ടുകാരുടെയും വിശിഷ്യ യുവാക്കളുടെ സഹകരണമാണ് കലാ മാമാങ്കം കെങ്കേമമാക്കാന്‍ സഹായിച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ചൊവ്വാഴ്ച രാത്രി വൈകിയും ഒന്നും മൂന്നും വേദികളിലെ മത്സരങ്ങള്‍ കാണാന്‍ വലിയ ജനക്കൂട്ടമാണ് എത്തിയിരുന്നത്. ഭരതനാട്യവും കുച്ചുപ്പിടിയും മോഹിനിയാട്ടവും വേദി ഒന്നില്‍ (ഇശല്‍) തകര്‍ത്താടിയപ്പോള്‍ വേദി മൂന്നില്‍ (സാരംഗി) മലയപ്പുലയ ആട്ടം കാണാന്‍ വലിയ സദസ്സായിരുന്നു. പണിയ നൃത്തം, ഇരുളനൃത്തം എന്നീ ഇനങ്ങള്‍ക്കും വലിയ സദസ്സാണ് ഉണ്ടായിരുന്നത്. കലോത്സവത്തിലെ ഇനങ്ങളായ നാടോടി നൃത്തം, സംഘനൃത്തം എന്നീ ഇനങ്ങള്‍ ഇന്നാണ് നടക്കുന്നത്. ഇശല്‍ ഗ്രാമത്തിലെ ജനകീയ ഇനങ്ങളായ വട്ടപ്പാട്ടും അര്‍ബനമുട്ടും കോല്‍ക്കളിയും ഇന്നാണ് നടക്കുന്നത്.
വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ ജനപ്രതിനിധികള്‍ക്ക് പുറമെ സിനിമാ-ടെലിതാരം ഉണ്ണിരാജ് ചെറുവത്തൂര്‍ പങ്കെടുക്കും.








