മൊഗ്രാൽ: 64-ാമത് കാസർകോട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനമാകും. രണ്ടാം ദിനത്തിലും കാസർകോട് ഉപ ജില്ലയാണ് ഒന്നാമത് ഉള്ളത്. ചൊവ്വാഴ്ച രാത്രി 11 മണിക്ക് ലഭിച്ച കണക്കുപ്രകാരം 758 പോയിന്റുകൾ നേടിയിട്ടുണ്ട്. 727 പോയിന്റുമായി ഹോസ്ദുർഗും, 682 പോയിന്റുമായി ചെറുവത്തൂരും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉണ്ട്. സ്കൂളുകളുടെ വിഭാഗത്തിൽ ദുർഗ ഹയർ സെക്കൻഡറി സ്കൂൾ ആണ് മുന്നിലുള്ളത്. നാടോടി നൃത്തം, കേരള നടനം, വട്ടപ്പാട്ട്, ശാസ്ത്രീയ സംഗീതം, ലളിതഗാനം, മാപ്പിളപ്പാട്ട്, ഇംഗ്ലീഷ് സ്കിറ്റ് തുടങ്ങിയ മത്സരങ്ങൾ ഇന്ന് നടക്കും. ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് നടക്കുന്ന കലോത്സവ സമാപന സമ്മേളനം എ കെ എം അഷ്റഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ സോയ അധ്യക്ഷത വഹിക്കും. സർവീസിൽ നിന്ന് വിരമിക്കുന്ന ഡിഡിഇ ടിവി മധുസൂദനന് ചടങ്ങിൽ വെച്ച് വിദ്യാഭ്യാസ വകുപ്പ്, പിടിഎ, മൊഗ്രാൽ പൗരാവലി എന്നിവർ യാത്രയയപ്പ് നൽകും.







