കൊച്ചി: കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാതോമസ് എംഎല്‍എ ജിസിഡിഎക്ക് വക്കീല്‍ നോട്ടീസ് അയച്ചു. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 29 നാണ് അപകടമുണ്ടായത്.
12,000 പേര്‍ ഒരുമിച്ച് നൃത്തം ചെയ്യുന്ന വേദിയായിരുന്നു അപകടത്തില്‍പ്പെട്ടത്. അരലക്ഷത്തോളം പേര്‍ ഒത്തുകൂടിയ പരിപാടിയില്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന് നോട്ടീസില്‍ പറഞ്ഞു. തറനിരപ്പില്‍നിന്ന് 10.5 മീറ്റര്‍ ഉയരത്തിലായിരുന്നു വേദി. കൈവരി ഉണ്ടായിരുന്നില്ല. മുന്‍നിര സീറ്റിനുമുന്‍പില്‍ ഉണ്ടായിരുന്നത് 50 സെന്റീമീറ്റര്‍ സ്ഥലമാണ്. ഇതിലൂടെ നടക്കുമ്പോഴാണ് എംഎല്‍എ തലയടിച്ച് വീണത്. സ്ട്രെച്ചര്‍ പോലും ഉണ്ടായിരുന്നില്ല.
അപകടത്തിനുശേഷം 10 മിനിറ്റ് എടുത്താണ് സ്റ്റേഡിയത്തിന് പുറത്ത് എത്തിച്ചത്. അപകടത്തിനുശേഷം ബോധം നഷ്ടപ്പെട്ട തനിക്ക് ഒന്‍പതുദിവസത്തിനുശേഷമാണ് ബോധം വീണ്ടെടുക്കാനായത്. മാസങ്ങള്‍ എടുത്താണ് സ്വതന്ത്രമായി നടക്കാന്‍ തുടങ്ങിയത്. ഇപ്പോഴും പൂര്‍ണമായും ആരോഗ്യം വീണ്ടെടുക്കാനായിട്ടില്ല. അപകടത്തിന്റെ ആഘാതം തുടരുകയാണെന്നും എംഎല്‍എ നോട്ടീസില്‍ ചൂണ്ടിക്കാട്ടി.







