തിരുവനന്തപുരം: ഗൂഗിൾ പേ അക്കൗണ്ട് മുഖേന ടിക്കറ്റ് തുക നൽകാൻ വൈകിയതിനാൽ കെഎസ്ആർടിസി കണ്ടക്ടർ യുവതിയെ പരസ്യമായി അധിക്ഷേപിച്ച് രാത്രി റോഡിൽ ഇറക്കിവിട്ട സംഭവത്തിൽ നടപടി. വെള്ളറട ഡിപ്പോയിലെ എംപാനൽ കണ്ടക്ടർ നെല്ലിമൂട് സ്വദേശി സി.അനിൽകുമാറിനെ ജോലിയിൽ നിന്ന് ഒഴിവാക്കി. വെള്ളറട കോട്ടയംവിളാകം റോഡരികത്ത് വീട്ടിൽ എസ്.ദിവ്യയ്ക്കാണ് വെള്ളിയാഴ്ച രാത്രി ദുരനുഭവമുണ്ടായത്. കുന്നത്തുകാൽ കൂനമ്പനയിലെ ക്ലിനിക്കിൽ ജോലിചെയ്യുന്ന ദിവ്യ അസുഖബാധിതയായതിനാൽ ഡോക്ടറെ കണ്ടു മരുന്നു വാങ്ങിയ ശേഷം വെള്ളറടയിലേക്കു പോകുകയായിരുന്നു. പഴ്സ് കാണാത്തതിനെ തുടർന്ന് ഗൂഗിൾ പേയിലൂടെ പണം നൽകാമെന്ന് യുവതി കണ്ടക്ടറോട് പറഞ്ഞിരുന്നു. നൽകാൻ ശ്രമിച്ചപ്പോൾ മൊബൈൽ റേഞ്ച് കുറവായതിനാൽ സാധിച്ചില്ല. തുടർന്ന് വെള്ളറടയിൽ എത്തുമ്പോൾ പണം നൽകാമെന്നു പറഞ്ഞെങ്കിലും കണ്ടക്ടർ അധിക്ഷേപിച്ചെന്നും രാത്രി 9.10ന് തോലടിക്കു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു എന്നുമാണ് എടിഒയ്ക്കു ദിവ്യ നൽകിയ പരാതി. ഭർത്താവിനെ വിവരം അറിയിച്ചതിനെത്തുടർന്ന് രാത്രി വീട്ടിൽ രണ്ടു ചെറിയ കുട്ടികളെ മാത്രമാക്കി ബൈക്കിൽ ദിവ്യയെ വന്നു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പരാതിയെ തുടർന്ന് കെഎസ്ആർടിസി വിജിലൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് കണ്ടക്ടറെ ജോലിയിൽ നിന്ന് ഒഴിവാക്കിയത്. അതേസമയം, സംഭവം നടന്നിട്ടില്ലെന്നും യുവതി ബസിൽ കയറിയിട്ടില്ലെന്നുമാണ് കണ്ടക്ടർ അനിൽകുമാർ പറയുന്നത്. കളിയിക്കാവിള– വെള്ളറട റൂട്ടിലാണ് ബസ് സർവീസ്. സംഭവദിവസം ഈ ബസ് കൂനമ്പനയിലേക്കു പോയിട്ടില്ലെന്നും അനിൽ വിശദീകരിച്ചു.







