പി പി ചെറിയാൻ
വാഷിംഗ്‌ടൺ ഡി സി :യുഎസ് സന്ദർശക വിസയിൽ എത്തുന്നവർക്ക് അവിടെ വെച്ച് വിവാഹം കഴിക്കുന്നതിനും തുടർന്ന് ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നതിനും നിയമപരമായ തടസ്സമില്ല. എന്നാൽ, ഇക്കാര്യത്തിൽ പാലിക്കേണ്ട പ്രധാനപ്പെട്ട ’90 ദിവസത്തെ നിയമത്തെ’ക്കുറിച്ച് ഇമിഗ്രേഷൻ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അമേരിക്കയിൽ എത്തിയ ആദ്യ 90 ദിവസത്തിനുള്ളിൽ വിവാഹം കഴിക്കുകയും തുടർന്ന് ഗ്രീൻ കാർഡിനായി അപേക്ഷിക്കുകയും ചെയ്താൽ, അത് ‘വിസ തട്ടിപ്പായി’ കണക്കാക്കപ്പെട്ടേക്കും. സന്ദർശന വിസയുടെ ദുരുപയോഗമായി ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇത് വിലയിരുത്തിയേക്കാം.
ആദ്യ 90 ദിവസത്തിനുള്ളിലെ വിവാഹം ഗ്രീൻ കാർഡ് അപേക്ഷ നിരസിക്കപ്പെടുന്നതിനും ഭാവിയിൽ അമേരിക്കയിലേക്കുള്ള പ്രവേശനം തടയുന്നതിനും കാരണമാകാനുമിടയുണ്ട്.
90 ദിവസത്തെ സന്ദർശന കാലയളവിനുശേഷം വിവാഹം കഴിക്കുകയും, തുടർന്ന് സാഹചര്യങ്ങൾ മാറിയതിനാലാണ് അവിടെ തുടരാൻ തീരുമാനിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്യുന്നത് കൂടുതൽ സുരക്ഷിതമാനിന്നു നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ട്രംപ് ഭരണകൂടത്തിന്റെ പുതിയ ഇമിഗ്രേഷൻ നയങ്ങൾ നിലനിൽക്കുന്നതിനാൽ, യാത്രാ നിരോധനമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
ചുരുക്കത്തിൽ, സന്ദർശക വിസയിൽ എത്തുന്നവർ വിവാഹം കഴിക്കാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ 90 ദിവസം കഴിഞ്ഞതിന് ശേഷം മാത്രം നടപടികളിലേക്ക് കടക്കുന്നതാണ് നിയമപരമായി സുരക്ഷിതമെന്നും സൂചനയുണ്ട്.







