നാരായണന്‍ പേരിയ
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പും ഫല പ്രഖ്യാപനവും സാരഥികളും തിരഞ്ഞെടുപ്പും കഴിഞ്ഞു.
തങ്ങള്‍ ജയിച്ചാല്‍ എന്തൊക്കെ ചെയ്യും എന്ന് തിരഞ്ഞെടുപ്പ് പ്രചരണ പ്രസംഗങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും. അതെല്ലാം മുഖവിലയ്‌ക്കെടുത്താണു വോട്ട് രേഖപ്പെടുത്തി തന്നെ ജയിപ്പിച്ചത് എന്ന് ഉറപ്പുണ്ടോ? ഉണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് മുന്‍ഗണനാക്രമത്തില്‍ ഓരോന്നായി പ്രാവര്‍ത്തികമാക്കുകയാണ്.
തദ്ദേശ ഭരണം എങ്ങനെ നിര്‍വ്വഹിക്കണം എന്ന് പഠിച്ചിട്ടുള്ളവരാണോ ഇപ്പോള്‍ അധികാരമേറ്റെടുത്ത ജനപ്രതിനിധികള്‍? അല്ല എന്ന് പറഞ്ഞാല്‍ അത് ദോഷൈകദൃക്കായത് കൊണ്ടല്ല(തെറ്റുമാത്രം കാണുന്നവര്‍) അസൂയ കൊണ്ടുമല്ല; ലഭ്യമായ തെളിവിന്റെ ബലത്തിലാണ്. യാതൊരു പരീക്ഷായോഗ്യതയും ആവശ്യമില്ലല്ലോ ജനാധിപത്യ വ്യവസ്ഥയില്‍ ഭരണം കൈയാളാന്‍. പഞ്ചായത്ത് മെമ്പര്‍ മുതല്‍ ലോക്‌സഭാ- രാജ്യസഭാ മെമ്പര്‍മാര്‍വരെ ഇതാണ് അവസ്ഥ. ഭരണഘടന അനുവദിച്ചിട്ടുണ്ട് പരീക്ഷാ യോഗ്യത വേണ്ടെന്ന്. പരീക്ഷായോഗ്യത ഇല്ല എന്ന് കാരണം പറഞ്ഞ് ആരെയും പദവിയില്‍ നിന്ന് പുറത്താക്കിയിട്ടില്ല. വിവരാവകാശ നിയമപ്രകാരം മെമ്പര്‍മാരുടെ പരീക്ഷാ യോഗ്യത ചോദിക്കാന്‍ പാടില്ല. യോഗ്യത വെളിപ്പെടുത്തണം എന്ന് ആവശ്യപ്പെടുന്നത് കുറ്റം. വ്യക്തിസ്വാതന്ത്ര്യം എന്ന അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാകും. വാദിപ്രതിയാകും.
എന്നിട്ടും കേരളത്തില്‍ അടുത്ത കാലത്ത് ഒരു ‘നിയമലംഘനം’ നടന്നു. ത്രിതല പഞ്ചായത്തുകളില്‍ മെമ്പര്‍മാരായവരുടെ യോഗ്യത നിര്‍ണ്ണയിക്കാന്‍ പരീക്ഷ നടത്തി. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനും (കില) ചേര്‍ന്ന് തയ്യാറാക്കിയ പഠനപദ്ധതി പ്രകാരം. തല്‍സമയം ജനപ്രതിനിധികളായിരുന്ന (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ മെമ്പര്‍മാര്‍) 329 പേരാണ് പരീക്ഷയെഴുതിയത്- സംസ്ഥാനത്തൊട്ടാകെ. ജയിച്ചത് 50 പേര്‍. സംസ്ഥാനത്തൊട്ടാകെ അന്ന് നിലവിലുണ്ടായിരുന്ന 1200 തദ്ദേശ സ്ഥാപനങ്ങളില്‍ 21,854 അംഗങ്ങള്‍. ഇവരില്‍ 329 പേരൊഴികെ മറ്റ് ആരും തന്നെ പരീക്ഷയെഴുതാന്‍ പോലും ധൈര്യപ്പെട്ടില്ല. കഴിഞ്ഞ പ്രാവശ്യം മത്സരിക്കുകയും ജയിക്കുകയും ചെയ്തവരില്‍ ഗണ്യമായൊരു സംഖ്യ വീണ്ടും മത്സരിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ടാകും. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവരുടെ യോഗ്യതാ നിലവാരം എത്രത്തോളമുണ്ടാകും? അവരുടെ ഭരണപാടവവും.
അതവിടെ നില്‍ക്കട്ടെ: ഇപ്പോള്‍ പറയാനുള്ളത് കുറിക്കാം: തങ്ങള്‍ ഭരിക്കാന്‍ പോകുന്ന തദ്ദേശങ്ങളുടെ തല്‍ക്കാല സ്ഥിതിഗതികള്‍ ആദ്യം മനസ്സിലാക്കുക. ആരെങ്കിലും പറയുന്നത് കേട്ടും, എഴുതിവെച്ചത് വായിച്ചും അല്ല, നേരിട്ട് പോയി കണ്ട് അറിയുക. പ്രദേശത്തുകൂടെ നടന്നു പോകണം; വാഹനത്തില്‍ സഞ്ചരിച്ചാല്‍പ്പോരാ. മാക്‌സ് ധരിക്കണം, പുറപ്പെടുമ്പോള്‍. ആളെ തിരിച്ചറിയാതിരിക്കാന്‍ വേണ്ടിയല്ല;
കൊറോണാ വൈറസ്സിനെ പ്രതിരോധിക്കാന്‍ വേണ്ടിയുമല്ല. വഴിയോരങ്ങളില്‍ വലിച്ചെറിഞ്ഞിട്ടുള്ള മാലിന്യങ്ങളില്‍ നിന്നും ബഹിര്‍ഗ്ഗമിക്കുന്ന ദുസ്സഹ ദുര്‍ഗ്ഗന്ധം ശ്വാസം മുട്ടിക്കാതിരിക്കാന്‍ മാസ്‌ക് അനുപേക്ഷണീയം പുറത്തിറങ്ങുമ്പോള്‍. വിശേഷിച്ചും അതിരാവിലെയും സന്ധ്യാനേരത്തും.
മാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്‌ക്കരിക്കണം-ആവര്‍ത്തിക്കാറുള്ള ഒരു നിര്‍ദ്ദേശം. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്? ഏതാണ് മാലിന്യത്തിന്റെ ഉറവിടം? അവിടെത്തന്നെ സംസ്‌ക്കരിക്കണം എന്ന് പറയുന്നത് എന്ത് കൊണ്ട്? ഒരിടത്തിട്ട മാലിന്യം വാരിയെടുത്ത് മറ്റൊരിടത്ത്-‘സംസ്‌ക്കരണകേന്ദ്രം’ എന്ന് ബോര്‍ഡ് വച്ചിട്ടുള്ളേടത്ത്- ചിതറിയിടുകയല്ല ചെയ്യേണ്ടത്. എവിടെ ഇടണം മലിന വസ്തുക്കള്‍ എന്ന് തീരുമാനിക്കുന്നത് മലിന വസ്തുക്കളുടെ ‘തരഭേദം’ അനുസരിച്ചായിരിക്കണം. ഉണങ്ങിപ്പൊടിഞ്ഞു പോകുന്നവയും ചീഞ്ഞളിയുന്നതും വെവ്വേറെ ഇടങ്ങളില്‍. പരിസരം ശ്രദ്ധിക്കണം. ജലാശയങ്ങള്‍ക്കടുത്ത് മാലിന്യമിടാന്‍ പാടില്ല; ജനസമ്പര്‍ക്കം കൂടുതലുള്ളേടങ്ങളിലും. വഴിയോരങ്ങളിലും കളിസ്ഥലത്തും പാടില്ല.
നമ്മുടെ ‘ഭരണസിരാകേന്ദ്രം’ -കളക്ട്രേറ്റ്- അഥവാ സിവില്‍ സിവില്‍സ്റ്റേഷന്‍. തൊട്ടടുത്ത് ജില്ലാ പഞ്ചായത്തോഫീസ്, ജില്ലാ കോടതി- ഈ ഓഫീസ് കെട്ടിട സമുച്ചയങ്ങളുടെ പരിസരം ‘മാലിന്യ പ്രക്ഷേപ’ത്തിനുള്ള ഇടം എന്ന് തോന്നുന്നു. നാട്ടുകാരുടെ ധാരണ അതാണ്. കുറ്റിച്ചെടികള്‍ വളര്‍ന്ന് പടര്‍ന്ന വഴിയോരം. തൊട്ടപ്പുറത്താണ് സ്റ്റേഡിയം. ആണ്ടില്‍ രണ്ടുപ്രാവശ്യം മാത്രം -ആഗസ്റ്റ് പതിനഞ്ച്- സ്വാതന്ത്ര്യദിനം; ജനുവരി ഇരുപത്തിയാറ്. റിപ്പബ്ലിക് ദിനം- പൊതുപരിപാടികള്‍ സ്റ്റേഡിയത്തില്‍.
എന്നും രാവിലെ പ്രദേശവാസികള്‍ അങ്ങോട്ട് പോകാറുണ്ട്- വ്യായാമത്തിന്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പലരുടെ കൈകളില്‍ ഒരു വീര്‍ത്ത ബാഗോ, പൊതിക്കെട്ടോ ഉണ്ടാകും. വ്യായാമ വേളയില്‍ മാറി ധരിക്കാനുള്ള കാലുറയോ, ടീഷര്‍ട്ടോ ആണെന്ന് ധരിക്കും കാണുന്നവര്‍. സ്‌റ്റേഡിയത്തിലെത്തുമ്പോഴേയ്ക്കും അവരുടെ കൈകള്‍ കാലിയാകും. കൈയിലെടുത്തവ വഴിയോരത്തെ കുറ്റിക്കാട്ടില്‍ വലിച്ചെറിയും; കാട് അനുകൂല സാഹചര്യം. ആ കുറ്റിക്കാട് വെട്ടിമാറ്റി വെടിപ്പാക്കിയിരുന്നെങ്കിലോ? മാലിന്യം വലിച്ചെറിയാനോങ്ങുന്നവര്‍ കൈ പിന്‍വലിച്ചേക്കാം. നാണവും മാനവുമുള്ളവര്‍.
ഇപ്പറഞ്ഞ ഭൂഭാഗം- കളക്ട്രേറ്റ്, ജില്ലാപഞ്ചായത്തോഫീസ്, കോടതി- പരിസരം- വൃത്തിയാക്കേണ്ടത്- പാതയോരം മാലിന്യ നിര്‍മ്മുക്തമാക്കിവയ്‌ക്കേണ്ടത് ആരാണ്? മുനിസിപ്പാലിറ്റിയോ, പഞ്ചായത്തോ? ചെങ്കള പഞ്ചായത്തിന്റെ അധികാര പരിധിയില്‍പ്പെട്ട സ്ഥലമാണത്രേ. ഭരണ സ്ഥാപനങ്ങളുടെ സംഗമ സ്ഥാനങ്ങളില്‍ അവകാശത്തര്‍ക്കങ്ങളുണ്ടാകാം.ചുമതലാനിര്‍വ്വഹണത്തില്‍.
തെരുവ് വിളക്കുകള്‍ സ്ഥിരമായി കണ്ണുചിമ്മന്നേടങ്ങളല്ലേ കൂടുതല്‍? ശ്രദ്ധിക്കണം- ക്ഷുദ്ര ജീവികളുടെ ആക്രമണമുണ്ടാകാം, അന്ധകാരാവൃതമായേടങ്ങളില്‍. രാത്രിഞ്ചരന്മാരായ മോഷ്ടാക്കളുടെ നുഴഞ്ഞുകയറ്റവും. പ്രദേശവാസികള്‍ വിളിച്ചറിയിച്ചാല്‍ തല്‍ക്ഷണം ബള്‍ബ് മാറ്റിയിടണം. ആവശ്യമെങ്കില്‍ വൈദ്യുതിക്കമ്പിയും.
വാര്‍ഡ്‌സഭ മുടങ്ങാതെ ചേരണം, ഓരോ വാര്‍ഡിലും. പ്രതിമാസം വാര്‍ഡ്‌സഭ, തദ്ദേശവാസികള്‍ മടങ്ങാതെ പങ്കെടുക്കണം. പ്രാദേശിക പ്രശ്‌നങ്ങള്‍ അറിയിക്കണം. ചര്‍ച്ച ചെയ്യണം, രാഷ്ട്രീയ ചര്‍ച്ചകള്‍ ഇവിടെ വേണ്ട, പുതുതായി ഭരണാധികാരമേറ്റവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.







