ഹൈദരാബാദ്: അശ്ലീല വീഡിയോകള്‍ കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് വിവാഹാലോചന തകര്‍ത്തുവെന്നാരോപിച്ച് 32 കാരനെ രണ്ട് സഹോദരിമാര്‍ ചേര്‍ന്ന് തല്ലിക്കൊലപ്പെടുത്തി. തുര്‍ക്കല്‍മദ്ദികുന്ത സ്വദേശിയും മെഡിക്കല്‍ പ്രതിനിധിയുമായ ബുറ മഹേന്ദര്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ ജഗ്തിയാല്‍ ജില്ലയില്‍ ആണ് സംഭവം. സോഫ്റ്റ്വെയര്‍ പ്രൊഫഷണലായി ജോലി ചെയ്യുന്ന ഒരു യുവതിയുമായി യുവാവ് പരിചയത്തിലാകുകയും പിന്നീട് അത് പ്രണയമായി മാറുകയും ചെയ്തിരുന്നു. അതിനിടെ യുവതിയുടെ മൂത്ത സഹോദരിയുമായും സമാനമായ ബന്ധം പുലര്‍ത്തിയിരുന്നു. ഇക്കാര്യം സഹോദരിമാര്‍ അറിഞ്ഞതോടെയാണ് യുവാവിനെ കൊലപ്പെടുത്താന്‍ ഇരുവരും തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.
വിവാഹിതനാണ് മഹേന്ദര്‍. വിവാഹിതയായ സഹോദരിയോട് അവിഹിത ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞ യുവതി മഹോന്ദറുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. അടുത്തിടെ പെണ്‍കുട്ടിക്ക് വിവാഹാലോചന വന്നപ്പോള്‍, മഹേന്ദര്‍ തന്റെ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്ന അശ്ലീല വീഡിയോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തി. വിവാഹ ആലോചനകളും മുടക്കി. നിരന്തരം ഭീഷണിപ്പെടുത്തിയിരുന്ന ഇയാളെ പ്രശ്നങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കാന്‍ വെള്ളിയാഴ്ച വീട്ടില്‍ വരാന്‍ ഇരുവരും ആവശ്യപ്പെട്ടു. ഇതുപ്രകാരം എത്തിയ മഹേന്ദറുമായി സഹോദരികള്‍ വാക്കേറ്റം നടത്തി. സംസാരത്തിനിടെ കൈയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. പിന്നീട് യുവാവിന്റെ കണ്ണുകളില്‍ മുളകുപൊടി എറിയുകയും വടികൊണ്ട് ആക്രമിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. മര്‍ദനത്തിനിടെ ഇയാള്‍ കുഴഞ്ഞ് വീഴുകയും ചെയ്തു. നാട്ടുകാര്‍ ആംബുലന്‍സില്‍ ജഗ്തിയാല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. മരിച്ച മഹേന്ദറിന്റെ കുടുംബാംഗങ്ങളുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നും ജഗ്തിയാല്‍ റൂറല്‍ സിഐ സുധാകര്‍ പറഞ്ഞു.







