കൊച്ചി: സേവ് ബോക്സ് ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു.
സേവ് ബോക്സ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യയുമായി കമ്പനി കരാറിലേര്‍പ്പെട്ടിരുന്നതായും ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതെന്നും ഇഡി വൃത്തങ്ങള്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് സേവ് ബോക്സ് സ്ഥാപന ഉടമയായ തൃശ്ശൂര്‍ സ്വദേശി സ്വാതിഖ് റഹീമിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ ഇഡിയും അന്വേഷണം നടത്തുന്നത്. ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്സിന്റെ ഫ്രൊഞ്ചൈസികളും ഓഹരികളും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്നായിരുന്നു ഇയാള്‍ക്കെതിരായ പരാതി. പഴയ ഐഫോണുകള്‍ പുതിയ കവറിലിട്ട് നല്‍കി ഇയാള്‍ സിനിമാതാരങ്ങളെ കബളിപ്പിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
ഓണ്‍ലൈന്‍ ലേലം നടത്തുന്ന സ്ഥാപനമാണ് സേവ് ബോക്‌സ്. ഇതേപേരില്‍ മൊബൈല്‍ ആപ്പും പുറത്തിറക്കിയിരുന്നു. ഇന്ത്യയിലെ തന്നെ ആദ്യ ലേല ആപ്പ് എന്നുപറഞ്ഞാണ് സേവ് ബോക്സിനെ കമ്പനി പരിചയപ്പെടുത്തിയിരുന്നത്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കുറഞ്ഞവിലയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാമെന്നായിരുന്നു വാഗ്ദാനം. ഈ ലേലത്തില്‍ പങ്കെടുക്കാനായി സേവ് ബോക്‌സ് നല്‍കുന്ന വിര്‍ച്വല്‍ കോയിനുകള്‍ പണം കൊടുത്ത് വാങ്ങണം. ഈ കോയിനുകള്‍ ഉപയോഗിച്ചായിരുന്നു ലേലം നടത്തിയിരുന്നത്.







