തിരുവനന്തപുരം: സൂപ്പര്‍ഫാസ്റ്റായി മാറിയ തീവണ്ടികള്‍ തിരിച്ചറിഞ്ഞ് സപ്ലിമെന്ററി ടിക്കറ്റെടുത്തില്ലെങ്കില്‍ യാത്രക്കാരെ കാത്തിരിക്കുന്നത് കനത്ത പിഴ. 15 രൂപയുടെ ടിക്കറ്റ് എടുക്കാന്‍ മറന്നാല്‍ 265 രൂപയാണ് പിഴ അടയ്‌ക്കേണ്ടത്.
250 രൂപയാണ് മിനിമം പിഴ. ഇതിന് പുറമേ ടിക്കറ്റ് തുകയും നല്‍കണം.
യുടിഎസ്, റെയില്‍വണ്‍ തുടങ്ങിയ മൊബൈല്‍ ആപ്പുകള്‍ സജീവമായതോടെയാണ് യാത്രക്കാര്‍ക്ക് അബദ്ധം പറ്റുന്നത്. നേരത്തേ കൗണ്ടറുകളില്‍ നിന്ന് അണ്‍ റിസര്‍വ്ഡ് ടിക്കറ്റെടുത്തിരുന്ന അവസരത്തില്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളെക്കുറിച്ചുള്ള സൂചന റെയില്‍വേ ജീവനക്കാര്‍ നല്‍കിയിരുന്നു. ഇപ്പോള്‍ ഓണ്‍ലൈനില്‍ ടിക്കറ്റെടുക്കാനുള്ള സൗകര്യം വന്നതോടെയാണ് ഇക്കാര്യം മുന്‍കൂട്ടി അറിയാന്‍ കഴിയാതെ പോകുന്നത്.
ചില തീവണ്ടികള്‍ക്ക് പഴയ വിളിപ്പേര് തുടരുന്നതും യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നു. ചെന്നൈ സൂപ്പര്‍ഫാസ്റ്റ് സൂപ്പര്‍ഫാസ്റ്റാണെങ്കിലും മെയില്‍ എന്നാണ് ഇപ്പോഴും അറിയപ്പെടുന്നത്. അടുത്തിടെ ശബരി എക്‌സ്പ്രസും സൂപ്പര്‍ഫാസ്റ്റായി മാറിയിരുന്നു.
റെയില്‍വണ്‍, യുടിഎസ് മൊബൈല്‍ ആപ്പുകളിലെ ‘ടൈപ്പ് ഓഫ് ട്രെയിന്‍’ എന്ന ടാബില്‍ പ്രവേശിച്ചാല്‍ ഏതുവിഭാഗത്തിലെ തീവണ്ടിയാണ് എത്തുന്നതെന്ന വിവരം യാത്രക്കാര്‍ക്ക് മുന്‍കൂട്ടി അറിയാന്‍ കഴിയുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. സ്റ്റേഷനുള്ളില്‍ മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ച് ടിക്കറ്റെടുക്കുന്നതിന് നിയന്ത്രണമുണ്ടെങ്കിലും സൂപ്പര്‍ഫാസ്റ്റ് ടിക്കറ്റിന് ഇളവുണ്ട്. യാത്ര തുടങ്ങുന്നതിന് മുന്‍പുവരെ ഇതെടുക്കാം.
മൊബൈല്‍ ആപ്പുകളില്‍ എക്‌സ്പ്രസ് ടിക്കറ്റെടുത്ത് കഴിഞ്ഞവര്‍ക്ക് സ്റ്റേഷന്‍ കൗണ്ടറില്‍നിന്ന് സൂപ്പര്‍ഫാസ്റ്റിനുള്ള 15 രൂപ ടിക്കറ്റെടുക്കാനുള്ള സൗകര്യവുമുണ്ട്.







