ഭാഷാപരമായ പരിമിതികളുണ്ട്, പക്ഷേ, മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളൂ; തന്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട് എ.എ.റഹീം എംപി

തിരുവനന്തപുരം: തന്റെ ഇംഗ്ലീഷിനെ ട്രോളുന്നവര്‍ക്ക് ഫേസ്ബുക്കിലൂടെ മറുപടി നല്‍കി രാജ്യസഭാംഗവും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ.റഹീം. ബെംഗളൂരു യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവരെ സന്ദര്‍ശിക്കുന്നതിനിടെ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംഭവിച്ച ഭാഷാ പരിമിതി ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ ട്രോളുന്നവരോട് വെറുപ്പില്ലെന്നും, ഭാഷ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും റഹീം കുറിച്ചു. തനിക്ക് ഭാഷാപരിമിതകളുണ്ടെന്നും എന്നാല്‍ മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളുവെന്നും റഹീം ചൂണ്ടിക്കാട്ടി. ഭരണകൂടഭീകരതയുടെ നേര്‍കാഴ്ചകള്‍ തേടിയാണ് അവിടേയ്ക്കു ചെന്നത്. ശബ്ദമില്ലാത്ത, എല്ലാം നഷ്ടപെട്ട ആയിരത്തോളം ദുര്‍ബലരായ ഇരകളെയാണ് ഞങ്ങള്‍ക്ക് അവിടെ കാണാനായത്. ആ യാത്രയെ കുറിച്ച് ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉളളൂവെന്നും റഹീം വ്യക്തമാക്കി.

അവരുടെ ശബ്ദം ഇന്ന് എല്ലാ മാധ്യമങ്ങളും ഏറ്റെടുക്കുന്നു. ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകള്‍ ഇന്ന് ലോകം കാണുന്നു. പുനരധിവാസത്തെ കുറിച്ച് നിങ്ങള്‍ ഇപ്പോള്‍ സംസാരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നുവെന്നും റഹീം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് യെലഹങ്കയിലെ ഫക്കീര്‍ കോളനിയില്‍ വീട് ഇടിച്ചുനിരത്തപ്പെട്ടവരെ റഹീമിന്റെ നേതൃത്വത്തിലുള്ള സിപിഎം സംഘം സന്ദര്‍ശിച്ചത്. ഇതിനിടെയായിരുന്നു വ്യാപകമായ ട്രോളുകള്‍ക്ക് കാരണമായ അഭിമുഖം.

റഹീമിന്റെ പോസ്റ്റ്:

‘എന്റെ ഇംഗ്ലീഷിനെ ട്രോളുന്നവരോട്. എനിക്ക് ഭാഷപരമായ പരിമിതികളുണ്ട്. പക്ഷേ, മനുഷ്യരുടെ സങ്കടങ്ങള്‍ക്ക്. ഒരു ഭാഷയേ ഉള്ളൂ. ഭരണകൂടഭീകരതയുടെ നേര്‍കാഴ്ചകള്‍ തേടിയാണ് അവിടേയ്ക്കു ചെന്നത്. ശബ്ദമില്ലാത്ത, എല്ലാം നഷ്ടപെട്ട ആയിരത്തോളം ദുര്‍ബലരായ ഇരകളെയാണ് ഞങ്ങള്‍ക്ക് അവിടെ കാണാനായത്. ആ യാത്രയെ കുറിച്ച് ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉളളൂ, അവരുടെ ശബ്ദം ഇന്ന് എല്ലാ മാധ്യമങ്ങളും ഏറ്റെടുക്കുന്നു. ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകള്‍ ഇന്ന് ലോകം കാണുന്നു. പുനരധിവാസത്തെ കുറിച്ച് നിങ്ങള്‍ ഇപ്പോള്‍ സംസാരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു.

എന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല. എന്റെ ഭാഷ ഞാന്‍ തീര്‍ച്ചയായും ഇനിയും കൂടുതല്‍ മെച്ചപ്പെടുത്തും. പക്ഷേ ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന നിരവധിപേര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ? അവരെ ആരെയും ഇവിടെയെന്നല്ല, ബുള്‍ഡോസറുകള്‍ ജീവിതം തകര്‍ത്ത ദുര്‍ബലരുടെ അരികില്‍ ഒരിടത്തും കണ്ടിട്ടില്ല. എന്റെ ഭാഷയിലേക്ക് സൂക്ഷിച്ചു നോക്കുമ്പോള്‍, നിങ്ങളുടെ സര്‍ക്കാര്‍ പറഞ്ഞയച്ച ബുള്‍ഡോസറുകള്‍ തകര്‍ത്ത വീടുകളും, അതിലെ സാധുക്കളായ കുറെ ഇന്ത്യക്കാരെയും നിങ്ങള്‍ കാണാതെ പോകരുത്. എന്റെ ഭാഷയെ ട്രോളുന്ന തിരക്കില്‍ ആ ദുര്‍ബലരായ മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ രക്ഷപ്പെടാന്‍ ശ്രമിക്കരുത്. ഇനിയും ശബ്ദമില്ലാത്തവരെ തേടിപ്പോകും, ഒറ്റപ്പെട്ടുപോയവരെ ചേര്‍ത്തു പിടിക്കും’. റഹീം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page