കണ്ണൂര്‍: കാമുകിയെ കാണാനായി ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് പൊലീസിന്റെ പിടിയിലായി. കുഞ്ഞിമംഗലത്തെ സായൂജി(25)നെയാണ് ശ്രീകണ്ഠാപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ചുഴലിയില്‍ കഴിഞ്ഞ ദിവസം ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. സായൂജും യുവതിയുടെ ഭര്‍ത്താവും ഗള്‍ഫില്‍ ഒരുമിച്ചുണ്ടായിരുന്നു. ഇതുവഴിയാണ് സായൂജും യുവതിയും തമ്മില്‍ പരിചയത്തിലായതും പിന്നീട് പ്രണയബന്ധത്തിലുമായത്.
ഏതാനും ദിവസം മുമ്പാണ് യുവതിയെ കാണാനായി സായൂജ് നാട്ടിലെത്തിയത്. ചുഴലിയില്‍ എത്തിയ കാമുകിയെ കാണുന്നതിനിടയില്‍ ഭര്‍ത്താവ് സ്ഥലത്തെത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടാവുകയും സായൂജ് യുവതിയുടെ ഭര്‍ത്താവിനെ ആക്രമിക്കുകയുമായിരുന്നുവത്രെ. ഈ വിവരമറിഞ്ഞാണ് പൊലീസെത്തി സായൂജിനെ അറസ്റ്റു ചെയ്തത്.







