കാസര്‍കോട്: ജില്ലയില്‍ മൂന്നു പഞ്ചായത്തുകളില്‍ ഭരണമുണ്ടായിരുന്ന ബിജെപിക്കു ഈ തിരഞ്ഞെടുപ്പിലൂടെ അഞ്ചു പഞ്ചായത്തുകളിലെ ഭരണസാരഥ്യം ലഭിച്ചു. ബദിയഡുക്ക, കുംബഡാജെ പഞ്ചായത്തുകളാണ് പിടിച്ചെടുത്തത്. ഈ പഞ്ചായത്തുകള്‍ക്കു പുറമെ ബള്ളൂര്‍, മധൂര്‍, കാറഡുക്ക പഞ്ചായത്തുകളിലെ ഭരണം ബിജെപി നിലനിറുത്തുകയും ചെയ്തു. മധൂര്‍ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സുജ്ഞാനി ശ്യാംഭോഗിനെ ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വിനി പൊന്നാടയണിയിച്ച് അഭിനന്ദിച്ചു.
ബിജെപി അധികാരത്തിലെത്തിയ അഞ്ചു ഗ്രാമ പഞ്ചായത്തുകളില്‍ നാലും പാര്‍ട്ടിയുടെ ബദിയഡുക്ക സംഘടനാ മണ്ഡലം കമ്മിറ്റി പരിധിയിലാണ്. കാറഡുക്ക, ബദിയഡുക്ക, ബള്ളൂര്‍, കുംബഡാജെ പഞ്ചായത്തുകള്‍. സംഘടനയുടെ കാസര്‍കോട് മണ്ഡലം കമ്മിറ്റി പരിധിയില്‍ പെട്ട മധൂര്‍ പഞ്ചായത്തില്‍ ഭരണം നിലനിറുത്തി. ബദിയഡുക്ക സംഘടനാ മണ്ഡലം കമ്മിറ്റി പരിധിയിലെ നാലു പഞ്ചായത്തുകളില്‍ ഭരണം ലഭിച്ച ബിജെപി കുംബഡാജെയും ബദിയഡുക്കയും പിടിച്ചെടുക്കുകയായിരുന്നു.
ബിജെപിക്കു വന്‍ വിജയം നേടിക്കൊടുത്ത ഭാരവാഹികളെയും പ്രവര്‍ത്തകരെയും മണ്ഡലം പ്രസിഡന്റ് കെ ഗോപാലകൃഷ്ണന്‍ അഭിനന്ദിച്ചു.








