കാസര്‍കോട്: സംസ്ഥാനത്ത് ഒരിക്കലും പരാജയത്തിന്റെ കയ്പ് അറിയില്ലെന്നു യു ഡി എഫും മുസ്ലീംലീഗും വിശ്വസിക്കുന്ന നിയമസഭാ മണ്ഡലമാണ് കാസര്‍കോട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ യു ഡി എഫ് ഉണ്ടാക്കിയ മുന്നേറ്റവും മണ്ഡലത്തില്‍ ഇന്നേവരെ പരാജയം അറിയേണ്ടിവന്നിട്ടില്ല എന്നതുമാണ് ലീഗിന്റെ ആത്മവിശ്വാസത്തിനു കരുത്തു പകരുന്നത്.
ടി എ ഇബ്രാഹിമും സി ടി അഹമ്മദലിയും വിജയത്തേരിലേറി വിരാജിച്ച കാസര്‍കോട് മണ്ഡലത്തില്‍ പതിനഞ്ചു വര്‍ഷമായി എന്‍ എ നെല്ലിക്കുന്നാണ് എം എല്‍ എ. ഐ എന്‍ എല്‍ നേതാവായിരിക്കെയും നെല്ലിക്കുന്ന് കാസര്‍കോട് മണ്ഡലത്തില്‍ ജനവിധി തേടിയിരുന്നു. എന്നാല്‍ ഐ എന്‍ എല്ലില്‍ നിന്നു മാതൃ സംഘടനയായ മുസ്ലീംലീഗിലേയ്ക്ക് തിരിച്ചെത്തിയതോടെയാണ് എന്‍ എ നെല്ലിക്കുന്ന് എന്ന രാഷ്ട്രീയക്കാരന്റെ ഗതിമാറിയത്.
സി ടി അഹമ്മദലിയുടെ പിന്‍ഗാമിയായി എത്തിയ നെല്ലിക്കുന്നിനു വലിയ വിജയമാണ് കാസര്‍കോട് നല്‍കിയത്. രണ്ടാമത്തെ തെരഞ്ഞെടുപ്പിലും നെല്ലിക്കുന്ന് അതേ വിജയം ഉറപ്പിച്ചു. മൂന്നാം തവണയും അത്യുജ്ജ്വല വിജയം നേടിയ എന്‍ എ സംസ്ഥാന മന്ത്രിസഭയില്‍ എത്തുമെന്നു കാസര്‍കോട്ടുകാര്‍ കരുതിയിരുന്നു. എന്നാല്‍ ഇടതു മുന്നണി തുടര്‍ഭരണമെന്ന ചരിത്രം സൃഷ്ടിച്ചപ്പോള്‍ കാസര്‍കോടിന്റെ സ്വപ്‌നം മങ്ങി.
പത്തുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും ഭരണ പ്രതീക്ഷയിലാണ് യു ഡി എഫും മുസ്ലീംലീഗും.
മൂന്നു തവണ മത്സരിച്ചു വിജയിച്ച നെല്ലിക്കുന്നിനു ഇനി ഒരു തവണ കൂടി അവസരം ലഭിക്കാന്‍ വിദൂരസാധ്യതയില്ല. ഇവിടെയാണ് നെല്ലിക്കുന്നിന്റെ പിന്‍ഗാമി ആരെന്ന ചോദ്യം ഉയരുന്നത്.
ജില്ലയ്ക്ക് പുറത്തുള്ള ഒരാളെ കൊണ്ടു വരാനാണ് നേതൃത്വത്തിന്റെ നീക്കം. എന്നാല്‍ ഇക്കാര്യം തിരിച്ചറിഞ്ഞ കാസര്‍കോട്ടെ നേതൃത്വം കടുത്ത ജാഗ്രതയിലാണ്. പൂര്‍ണ്ണമായും വിജയസാധ്യതയുള്ള ഒരു മണ്ഡലത്തിലേയ്ക്ക് പുറമെ നിന്നുള്ള ഒരാളെ കൊണ്ടുവരേണ്ട സാഹചര്യം എന്താണെന്ന് പ്രവര്‍ത്തകര്‍ ആരായുന്നു. അതോടൊപ്പം സ്ഥാനാര്‍ത്ഥികളെ കൊണ്ടുവന്നാല്‍ റിബലായി മത്സരിക്കാനുള്ള സന്നദ്ധതയും ചിലര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്തായാലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു ഡി എഫ് ഭൂരിപക്ഷം നേടുകയാണെങ്കില്‍ ജില്ലയില്‍ നിന്നു മന്ത്രി ഉണ്ടാകുമെന്ന കണക്കു കൂട്ടലിലാണ് യു ഡി എഫ് പ്രവര്‍ത്തകര്‍.







