കാഞ്ഞങ്ങാട്: ഒരു വര്‍ഷത്തിലധികമായി ക്ലാസ് മുറിയുടെ ആരവങ്ങളില്‍ നിന്നും കൂട്ടുകാരുടെ ചിരികളില്‍ നിന്നും അകന്ന്, വേദനയുടെ ലോകത്ത് ഒറ്റപ്പെട്ടുപോയ ഫാത്തിമത്ത് നാഫിയയ്ക്ക് ആശ്വാസത്തിന്റെ തണലുമായി പ്രിയപ്പെട്ട കൂട്ടുകാരെത്തി. ഹൊസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പത്താം ക്ലാസ്സുകാരിയായ നാഫിയയുടെ ഒഴിഞ്ഞ വളപ്പിലെ വസതിയിലേക്ക് സ്‌നേഹത്തിന്റെ കൈത്താങ്ങുമായി എത്തിയത്.
അപകടത്തില്‍ പരിക്കേറ്റ് ഒരു വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന നാഫിയയ്ക്ക്, കാക്കി കുപ്പായമിട്ട തന്റെ കൂട്ടുകാരുടെ വരവ് അപ്രതീക്ഷിതവും അതിലേറെ ആനന്ദകരവുമായിരുന്നു. വെറുംകൈയോടെയല്ല, തങ്ങളുടെ പ്രിയപ്പെട്ടവള്‍ക്കായി കരുതിവെച്ചസ്‌നേഹസമ്മാനങ്ങളും ഉള്ളിലൊളിപ്പിച്ച കരുതലും അവര്‍ അവള്‍ക്ക് കൈമാറി.
എസ് പി സിയുടെ ‘വണ്‍ സ്‌കൂള്‍ വണ്‍ കമ്മ്യൂണിറ്റിപ്രൊജക്ട്’ പദ്ധതിയുടെ ഭാഗമായുള്ള ‘ഫ്രണ്ട്‌സ് അറ്റ് ഹോം’ എന്ന ആശയമാണ് ഈ ഒത്തുചേരലിന് വഴിയൊരുക്കിയത്. പാഠപുസ്തകങ്ങള്‍ക്കപ്പുറം സഹജീവിസ്‌നേഹത്തിന്റെ വലിയ പാഠങ്ങള്‍ കൂടി അഭ്യസിക്കുകയാണ് ഈ കുരുന്നുകള്‍. വേദനകളില്‍ തളരാതെ മുന്നേറാന്‍ നാഫിയയ്ക്ക് ഈ സന്ദര്‍ശനം വലിയൊരു ഊര്‍ജ്ജമായി മാറി.ഹെഡ്മാസ്റ്റര്‍ രാജേഷ് എംപി,ഡോ.സുമ രമേഷ്,ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപന്‍ കോതോളി, പിടിഎ പ്രസിഡണ്ട് ഗംഗാധരന്‍ ടി, പിടിഎ വൈസ് പ്രസിഡണ്ട് ഇബ്രാഹിം പള്ളിക്കര, മദര്‍ പി ടി എ വൈസ് പ്രസിഡന്റ് ബിസ്മിത സലീം, പിടിഎ അംഗങ്ങളായ രാധിക, ഖദീജ, സ്റ്റാഫ് സെക്രട്ടറി ബാബുരാജ് പി പി, അധ്യാപകരായ വഹീദ, സിന്ധു, സീന,വിനോദ്, ശ്രീദേവ്, സുപ്രിയ കെ വി, എസ് പി സി കേഡറ്റുകള്‍ എന്നിവര്‍ പങ്കെടുത്തു.








