കാസര്‍കോട്: പൂഴി ഊറ്റലിനും കടത്തിനുമെതിരെ പൊലീസ് നടപടി കര്‍ശനമാക്കിയതോടെ പൂഴി മാഫിയ പുതിയ അടവുതന്ത്രമെടുത്തു.
ഇതുവരെ പുഴകളില്‍ നിന്നു പൂഴി വാരി തോണികളില്‍ നിറച്ചു കടവുകളിലിറക്കുകയും അവിടെ നിന്നു ടിപ്പറുകളില്‍ കടത്തുകയുമായിരുന്നു പതിവു രീതി. പൊലീസില്‍ മണല്‍ വേട്ട കര്‍ശനമാക്കിയതിനെത്തുടര്‍ന്നു മണല്‍ മാഫിയ അടവുമാറ്റുകയായിരുന്നു.
പുഴയില്‍ നിന്നു ഊറ്റിയെടുക്കുന്ന മണല്‍ തോണിയില്‍ വച്ചു തന്നെ ചാക്കില്‍ നിറക്കുകയും അതു അതുപോലെ കടവിലിറക്കുകയുമായിരുന്നു പുതിയ അടവ്. പുഴയിലൂടെ ചാക്കു നിറച്ചു തോണി വരുമ്പോള്‍ അതു വീട്ടാവശ്യത്തിനുള്ള സാധനങ്ങളേതെങ്കിലുമാണെന്നു പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. മാത്രമല്ല, കടവില്‍ നിന്നു നേരത്തെ ടിപ്പറുകളില്‍ നിറച്ചായിരുന്നു മണല്‍ കൊണ്ടുപോയിരുന്നത്. ഇതും മണല്‍ കടത്ത് അനായാസം കണ്ടു പിടിക്കുന്നതിനു പൊലീസിനു സഹായകരമായിരുന്നു. ഇതൊഴിവാക്കുന്നതിന് കടവില്‍ പൂഴിച്ചാക്കിറക്കിയ ശേഷം ടിപ്പറിനു പകരം പിക്കപ്പില്‍ കയറ്റി വില്‍പ്പന നടത്തുകയായിരുന്നു.
പൂഴികടത്തിന്റെ പുതിയ വഴി മണത്തറിഞ്ഞ പൊലീസ് ഇന്നലെ അര്‍ദ്ധരാത്രി മൊഗ്രാല്‍ പുഴയില്‍ ചൂണ്ടയിടാനെന്ന വ്യാജേന വേഷംമാറി മീനെ പിടിക്കാന്‍ ശ്രമിച്ചുകൊണ്ടു നില്‍ക്കേ പൂഴിച്ചാക്കുകളുമായി കടവിനടുത്തേക്കു വന്നു കൊണ്ടിരുന്ന തോണികള്‍ പുഴയില്‍ച്ചാടി പിടിച്ചു. തോണിയിലുണ്ടായിരുന്നവര്‍ പതിവു പോലെ രക്ഷപ്പെട്ടു. ഇത്തരത്തില്‍ ചാക്കില്‍ നിറച്ച് മണല്‍ കരയ്ക്ക് ഇറക്കാന്‍ കൊണ്ടുവന്ന രണ്ടു തോണികള്‍ പിടിച്ചെടുത്തു. ഇവ ഇന്നു ജെ സി ബി കൊണ്ടുവന്നു ഇടിച്ചു പൊടിക്കുമെന്നു പറയുന്നു. കുമ്പള എസ് ഐ കെ ശ്രീജേഷിന്റെ നേതൃത്വത്തിലാണ് പൂഴി മാഫിയയുടെ നൂതന പരീക്ഷണത്തില്‍ പൂഴിക്കടകള്‍ അടവുപയോഗിച്ച് പൊലീസ് പൊളിച്ചടുക്കിയത്.







