കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തെ എം എല്‍ എ മറികടക്കുന്നുവെന്നു മീഞ്ച പഞ്ചായത്തില്‍ ആക്ഷേപം ഉയരുന്നു. ഇതില്‍ പ്രതിഷേധിച്ചു പഞ്ചായത്തിലെ ചിഗുരപ്പാദ വാര്‍ഡില്‍ നിന്നു ലീഗ് ഭാരവാഹികളും പ്രവര്‍ത്തകരുമുള്‍പ്പെടെ 24 പേര്‍ ലീഗ് മണ്ഡലം പ്രസിഡന്റിനു രാജിക്കത്തു കൊടുത്തു. ഇവര്‍ക്കു പുറമെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു നൂറില്‍പ്പരം പ്രവര്‍ത്തകരും രാജിവച്ചതായി സംസാരമുണ്ട്.
ശനിയാഴ്ച പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പു ഇപ്പോഴത്തെ സാഹചര്യത്തില്‍ നടത്താനാണ് നേതൃ നിലപാടെങ്കില്‍ പഞ്ചായത്തില്‍ ഇപ്പോള്‍ പ്രതിപക്ഷ സ്ഥാനത്തുള്ള ബി ജെ പി ഭരണകക്ഷിയായിക്കൂടെന്നില്ലെന്നും ലീഗ് പ്രവര്‍ത്തകര്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നു പറയുന്നു. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ പഞ്ചായത്തിലെ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ കൂട്ടമായി പാര്‍ട്ടി വിടുമെന്നും സംസാരമുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചു പാര്‍ട്ടി പ്രവര്‍ത്തകരും എം എല്‍ എയും തമ്മിലുള്ള വാശിയാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു പ്രവര്‍ത്തകര്‍ പറഞ്ഞു. 31 വര്‍ഷമായി പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കുന്ന ഷെരീഫ് ചിനലയെ പഞ്ചായത്ത് പ്രസിഡന്റാക്കണമെന്നു വോട്ടെടുപ്പിനു മുമ്പേ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റ് ഷെരീഫ് തന്നെയെന്ന് ജില്ലാ നേതാക്കളും പ്രവര്‍ത്തകരോടു സമ്മതിച്ചിരുന്നുവെന്നും സംസാരമുണ്ട്.
തിരഞ്ഞെടുപ്പില്‍ 17അംഗ പഞ്ചായത്ത് ബോഡില്‍ ലീഗിന് ആറും കോണ്‍ഗ്രസിന് മൂന്നും സീറ്റുള്‍പ്പെടെ യു ഡി എഫിന് ഒന്‍പതു സീറ്റ് ലഭിച്ചു.
ബി ജെ പിക്കു ഏഴു സീറ്റും ലഭിച്ചു. ഒരു സീറ്റുകൊണ്ടു എല്‍ ഡി എഫ് തൃപ്തിപ്പെട്ടു. യു ഡി എഫിന് കേവല ഭൂരിപക്ഷം ലഭിച്ചതോടെ പ്രസിഡന്റ് സ്ഥാനത്തേക്കു കടമ്പാറുകാരനായ താജുദ്ദീന്‍ കടന്നു വരുകയായിരുന്നെന്നു പ്രവര്‍ത്തകര്‍ പറയുന്നു. ഇയാള്‍ക്കുവേണ്ടി അതേ നാട്ടുകാരനായ ഒരു പാര്‍ട്ടി പ്രമുഖനുമുണ്ടത്രെ. നാലു വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തന പാരമ്പര്യം തനിക്കുണ്ടെന്ന അവകാശവാദവുമായാണ് അയാളുടെ കടന്നു വരവെന്നും പ്രവര്‍ത്തകര്‍ പറയുന്നുണ്ട്. ഇതിനു പാര്‍ട്ടി ജില്ലാ നേതൃത്വം പച്ചക്കൊടി വീശുകകൂടി ചെയ്തതോടെയാണ് പാര്‍ട്ടിയില്‍ നിന്നു മീഞ്ചയില്‍ കൂട്ടരാജി ആരംഭിച്ചിട്ടുള്ളതെന്നാണ് സംസാരം.
പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച സ്ഥിതിക്കു പ്രഖ്യാപനം നടത്തിയവരും അതിനു ചൂട്ടുപിടിച്ചവരും ചേര്‍ന്ന് അയാളെ ജയിപ്പിച്ചോട്ടെയെന്നു പ്രവര്‍ത്തകര്‍ പറയുന്നു. പാര്‍ട്ടി തീരുമാനങ്ങള്‍ എല്ലാ പാര്‍ട്ടിയിലും ഒരു ചടങ്ങാണെന്ന് അവര്‍ സൂചിപ്പിച്ചു. എന്നാല്‍ അത്തരമൊരു ശീലം പോലും ലീഗ് വേണ്ടെന്നു വച്ചിരിക്കുകയാണെന്ന് മീഞ്ച പ്രശ്‌നം എടുത്തുകാട്ടി അവര്‍ പറയുന്നു. പണവും പദവിയും സ്വാധീനവുമാണ് പ്രവര്‍ത്തകരെക്കാള്‍ പാര്‍ട്ടി നേതൃത്വം പരിഗണിക്കുന്നതെന്നും അവര്‍ക്ക് ആക്ഷേപമുണ്ട്. കുറഞ്ഞപക്ഷം പഞ്ചായത്തിലെ യു ഡി എഫ് പ്രവര്‍ത്തകരോടോ, ജനപ്രതിനിധികളോടോ ചടങ്ങിനു വേണ്ടിയാണെങ്കിലും പ്രസിഡന്റ് ആരാകണമെന്ന് ഒരു ചര്‍ച്ച പേരിനുപോലും നടത്താതെയാണ് ഏകപക്ഷീയ തീരുമാനമെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.







