പി പി ചെറിയാൻ
ഫോർട്ട് വർത്ത് (ടെക്സസ്): ക്രിസ്മസ് തലേന്ന് പുലർച്ചെ ഫോർട്ട് വർത്തിലെ ഒരു കൺവീനിയൻസ് സ്റ്റോറിൽ സിനിമയെ വെല്ലുന്ന തരത്തിൽ എടിഎം കവർച്ചാ ശ്രമം. മോഷ്ടിച്ച എസ്‌യുവി ഉപയോഗിച്ച് എടിഎം മെഷീൻ കെട്ടിവലിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു.
ബുധനാഴ്ച പുലർച്ചെ 3:45-വോടെ സൗത്ത് ചെറി സ്ട്രീറ്റിലെ കടയിലാണ് സംഭവം. മോഷ്ടിച്ച വാഹനത്തിൽ മെറ്റൽ കേബിൾ ഘടിപ്പിച്ച് എടിഎം മെഷീൻ കടയുടെ ഗ്ലാസ് വാതിലുകൾ തകർത്ത് മെഷിൻ പുറത്തേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു.
വാഹനം ഓടിച്ചു പോകുന്നതിനിടെ എടിഎം വേർപെട്ടുപോയി. തുടർന്നു സ ർവീസ് റോഡിൽ മെഷീൻ ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി.
സംഭവത്തിനു ഒരു മണിക്കൂർ മുമ്പ് ഡാളസിൽ നിന്ന് മോഷ്ടിച്ച എസ്‌യുവിയാണ് പ്രതികൾ കവർച്ചക്ക് വേണ്ടി ഉപയോഗിച്ചത്. കാർ സംഭവസ്ഥലത്തിനടുത്തു ഉപേക്ഷിക്കപ്പെട്ട നിലയിൽ പോലീസ് കണ്ടെടുത്തു.
കറുത്ത ഹൂഡി, മാസ്ക്, ഓറഞ്ച് ഗ്ലൗസ് എന്നിവ ധരിച്ച രണ്ട് പേറീ സി സി ടി വി ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇവർക്കുവേണ്ടി പോലീസ് തിരച്ചിൽ ഊർജിതമാക്കി. സമീപ നഗരങ്ങളിൽ നടന്ന സമാനമായ മോഷണങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
മോഷ്ടാക്കളെക്കുറിച്ചു എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.







