കോട്ടയം: സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച് വഴിയാത്രക്കാരന് പരിക്കേറ്റു. ചോദ്യംചെയ്ത നാട്ടുകാരെയും തടയാന്‍ എത്തിയ പൊലീസിനെയും ആക്രമിച്ച ഇയാളെ ഒടുവില്‍ ചിങ്ങവനം പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി എംസി റോഡില്‍ നാട്ടകം ഗവ. കോളജിന് സമീപത്താണ് സംഭവം.
കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാര്‍ഥ് ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ലോട്ടറി വില്‍പനക്കാരനായ കാല്‍നടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ സിദ്ധാര്‍ഥുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ നാട്ടുകാരെ അസഭ്യം പറഞ്ഞതോടെ കയ്യാങ്കളിയില്‍ കലാശിക്കുകയും ചെയ്തു. സിദ്ധര്‍ത്ഥിനെ പൊലീസ് പിന്നീട് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നു.







