ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് ഭൂരിപക്ഷം വരുന്ന സാധാരണ യാത്രക്കാരെ ബാധിക്കില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ വെളിപ്പെടുത്തി. ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് വിശദീകരണം. പുതിയ നിരക്ക് പ്രകാരം, ഓര്‍ഡിനറി ക്ലാസില്‍ 215 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് നിരക്ക് വര്‍ദ്ധന ബാധകമല്ലെന്ന് റെയില്‍വെ ആവര്‍ത്തിച്ചു. അതില്‍ കൂടുതല്‍ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് കിലോമീറ്ററിന് 1 പൈസ എന്ന നിരക്കിലാണ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. ഈ ചെറിയ നിരക്ക് വര്‍ധനവിലൂടെ ലഭിക്കുന്ന വരുമാനം വലിയ വികസന പദ്ധതികള്‍ക്ക് ഉപയോഗിക്കുമെന്ന് റെയില്‍വേ കൂട്ടിച്ചേര്‍ത്തു.
പുതിയ നിരക്ക് പ്രകാരം, ഓര്‍ഡിനറി ക്ലാസില്‍ 215 കിലോമീറ്റര്‍ നപ്പുറമുള്ള യാത്രകളില്‍ യാത്രക്കാര്‍ക്ക് കിലോമീറ്ററിന് 1 പൈസ അധികമായി നല്‍കണം. മെയില്‍/എക്‌സ്പ്രസ് നോണ്‍-എസി, എസി ക്ലാസുകള്‍ക്ക് കിലോമീറ്ററിന് 2 പൈസ അധികമായി നല്‍കണം. അതേസമയം, 500 കിലോമീറ്റര്‍ നോണ്‍-എസി യാത്രയിലുള്ള യാത്രക്കാര്‍ക്ക് അവരുടെ യാത്രയ്ക്ക് 10 രൂപ അധികമായി നല്‍കണം. ഡല്‍ഹി – മുംബൈ ഓര്‍ഡിനറി ടിക്കറ്റിന് കൂടുക 10 രൂപ, മെയില്‍, എക്‌സ്പ്രസ് എസി, നോണ്‍ എസി ടിക്കറ്റിന് 30 രൂപയാണ് വര്‍ദ്ധിക്കുക. ഭൂരിഭാഗം ട്രെയിന്‍ യാത്രക്കാരും ശരാശരി സഞ്ചരിക്കുന്നത് 154 കിലോമീറ്റര്‍ ദൂരം മാത്രമാണെന്നും അതിനാല്‍ ടിക്കറ്റ് വര്‍ധന ഭൂരിഭാഗം യാത്രക്കാരേയും ബാധിക്കില്ലെന്ന് റെയില്‍വേ അറിയിപ്പില്‍ പറഞ്ഞു.







