ബെംഗളൂരു: അവിവാഹിതരായ അതിഥികളെ സ്വീകരിച്ചതിന് ഫ്‌ളാറ്റൊഴിയാന്‍ ആവശ്യപ്പെട്ട ഹൗസിംഗ് സൊസൈറ്റിക്കെതിരെ 22 കാരി നിയമപോരാട്ടത്തിലേക്ക്. നഗരത്തിലെ പ്രശസ്തമായ ഹൗസിംഗ് സൊസൈറ്റിയില്‍ സ്വന്തമായി ഫ് ളാറ്റുള്ള യുവതിയാണ് ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച രാത്രി യുവതിയുടെ വീട്ടിലേക്ക് നാല് പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സുഹൃത്തുക്കള്‍ എത്തിയിരുന്നു. മദ്യപാനമോ ബഹളമോ ഒന്നും ഇല്ലാതിരുന്നിട്ടും, ‘ബാച്ചിലേഴ്സിനെ അനുവദിക്കില്ല’ എന്നാരോപിച്ച് സൊസൈറ്റി ഭാരവാഹികള്‍ അനുവാദമില്ലാതെ അകത്തുകയറി ഫ്‌ളാറ്റ് ഒഴിയാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു.
ഫ്‌ളാറ്റ് ഉടമയെ വിളിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇത് തന്റെ സ്വന്തം ഫ്‌ളാറ്റാണെന്ന് പറഞ്ഞ് യുവതി അത് ചോദ്യം ചെയ്യുകയും വാതിലടക്കുകയും ചെയ്തു. എന്നാല്‍, പിന്നാലെ വീണ്ടും മറ്റ് സൊസൈറ്റി അംഗങ്ങള്‍ കൂടിയെത്തി യുവതിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തി. യുവതി കഞ്ചാവ് വലിച്ചുവെന്നും മദ്യപിച്ചുവെന്നുമായിരുന്നു ആരോപണം.
എന്നാല്‍ അത്തരം ആരോപണങ്ങളില്‍ പതറാതെ പൊലീസിനെ വിളിക്കാനും നിയമസഹായം തേടാനുമാണ് അവര്‍ ആവശ്യപ്പെട്ടത്. ലിവിംഗ് റൂമിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അവര്‍ തെളിവായി നല്‍കുകയും ചെയ്തു. പിന്നാലെ, സൊസൈറ്റി അടിയന്തര യോഗം ചേരുകയും കുറ്റക്കാരായ ഭാരവാഹികളെ പുറത്താക്കി ഓരോരുത്തര്‍ക്കും 20,000 രൂപ പിഴ ചുമത്തുകയും രേഖാമൂലം മാപ്പ് ചോദിക്കുകയും ചെയ്തു. എന്നാല്‍, താന്‍ അനുഭവിച്ച മാനസികാഘാതത്തിന് 62 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചു.
സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ അവരിലുണ്ടാക്കുന്ന മാനസികാഘാതങ്ങളെ കുറിച്ചും യുവതി പോസ്റ്റില്‍ സൂചിപ്പിച്ചു. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ നിരവധി പേരാണ് യുവതിയുടെ ധൈര്യത്തേയും നിയമപോരാട്ടത്തേയും അഭിന്ദിച്ച് രംഗത്തെത്തിയത്.







